Tuesday, November 27, 2007

62 ഏക്കര്‍

ഇഞ്ജിനിയറാവാന്‍ ഗുസ്തി പിടിക്കുന്ന കാലം. വര്‍ഷം തോറും പരീക്ഷകളുടെ എണ്ണം കൂടുന്നതല്ലാതെ (ഒന്നാം സെമസ്റ്ററിലെ വിഷയം അഞ്ചിലും പാസാകത്ത അവസ്ഥ) മകന്‍ രക്ഷപെടും എന്ന വിശ്വാസം അച്ഛനും അമ്മക്കും ഇല്ലാത്ത സമയം. എങ്കിലും എന്നും വയ്കുന്നേരം MG റോട്ടിലുള്ള ഫാസ്റ്റ് ഫുടിന്റെ മുന്നിലെ വായിന്നോട്ടം മുടക്കാറില്ല. എന്നും ഒരു പടയുണ്ടാകും. പെല, വേതാളം, ഹാപ്പി മാപ്പ്ല, ഗരു, തടിയന്‍, ഷണ്ടന്‍, നിയാസ്, രാജീവ്, മനോജ്, ഇമ്മാതിരി കഥാപാത്രങ്ങള്‍. പിന്നെ ഇടക്ക് വരുന്ന ഇടിവാള്‍, ടോപ് എന്നിവര്‍. മൂന്നു മണിക്കൂര്‍ നീണ്ടു നില്‍കുന്ന സാമൂഹിക ചര്‍ച്ച, രാഷ്ട്രീയം, വായിനോട്ടം, പരദൂഷണം, ഊസിനു കാപ്പി കുടി, പാര വെപ്പ്, തുടങ്ങിയ കലാ-സാംസ്കാരിക കൂടികാഴ്ച്ച. ഇത് മൂന്നു-നാലു വര്‍ഷം മഴയത്തും, വെയിലത്തും, പരീക്ഷക്കിടയിലും, ബന്ദിന്റെ ഇടയിലും, മുടക്കമില്ലാതെ നടന്നു എന്ന് പറയുമ്പോളാണ് അതിന്റെ പ്രസക്തി മനസിലാവുക.

പറയാന്‍ പോകുന്ന സംഭവം നടകുന്നത് ഒരു ആറു മണിയോട് അടുപ്പിച്ചായിരിക്കും. മേല്‍ പറഞ്ഞിട്ടുള്ള മിക്ക കഥാപാത്രങ്ങളും സ്ഥലത്തുണ്ട്. വേതാളം മാത്രം മിസ്സിങ്ങ്. അദ്ദേഹത്തേ കുറിച്ച് എഴുത്താന്‍ ഈ ബ്ലോഗു തികയില്ല. പിറന്നത് ഒരു രാജ കുടുമ്പത്തില്‍. കണ്ടാല്‍ അതി സുന്ദരന്‍ (ആ സൌന്ദര്യം കാരണമാണ് വേതാളം എന്ന പേരു വീണതു എന്നു പറഞ്ഞാല്‍ ഏകദേശം ഒരു ഐടിയ കിട്ടികാണുമല്ലോ!). പരദൂഷണം മൂര്‍ച്ഛിച്ചു നില്‍കുമ്പോളാണ് പുള്ളികാരന്റെ അബാവം മനസ്സിലായത്. സംസാര വിഷയം മാറിയതും പെട്ടന്ന്. കേരളത്തിലെ പല രാജ കുടുമ്പങ്ങളും, നമ്പൂരി കുടുമ്പങ്ങളും ക്ഷയിക്കാനുണ്ടായ കാരണങ്ങളില്‍ എത്തി “ടോപിക്ക്”. അപ്പോഴാണ് ഹാപ്പിക്ക് വായ തുറക്കന്‍ തോന്നിയത്.

“പണ്ട് ഇവര്‍ക്കൊക്കെ ഇഷ്ടം പോലെ സ്വത്തും സ്ഥലവും ഉണ്ടായിരുന്നു. അതുക്കെ നശിപ്പിച്ചതാ. പണ്ടൊക്കെ ഇവര് കണി കണ്ടോരെ സംമ്പന്ധം ചെയ്യും. അതിനു ശേഷം ഓരോരുതര്‍ക്കും ഒരോ ഏക്കറു വെച്ച് എഴുതി കൊടുക്കും” മാപ്പളക്ക് വിടാന്‍ ഭാവമില്ല. “അങ്ങിനെ അവരുടെ സ്ഥലമെല്ലാം പോയി.” കഥ തീര്‍ന്നു. സം‌മ്പാഷണം വഴി മാറി തുടങ്ങിയപ്പോളാണ് ടോപ്പിന്റെ ചോദ്യം

“അപ്പോ, ഹാപ്പി കഴിഞ്ഞ ആഴ്ച്ച നിനക്ക് പറപ്പൂര് കൊറെ സ്ഥലംണ്ടന്നല്ലേ പറഞ്ഞേ? എത്രയുണ്ട്?”

“ഓ, അതോ, അമ്മേടെ പേരില് 62 ഏക്കറ്”

Wednesday, November 14, 2007

കുറ്റുമുക്കു കഥകള്‍ - part 1

ഇന്നത്തെ സ്കൂള്‍ കുട്ടികള്‍ക്കു വരെ അറിയാം കേരളത്തിലെ നാലു പ്രധാന നഗരങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കുറ്റുമുക്ക്, കോഴിക്കോട്. ഇതില്‍ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ കുറ്റുമുക്ക് വേറിട്ട് നില്‍ക്കുന്നതിന്റെ കാരണം, അവിടുത്തെ ബുജ്ജികളും, കലാ-സാംസ്കാരിക നേതാക്കളുടേയും കഴിവു കൊണ്ടാണ്. പാട്ട ഹരി, കള്ള് മത്തായി, പൂള, പോത്തു മണി എന്നിവരുടെ സംഭാവനകള്‍ അമൂല്യമാണ്. (ചില പിന്തിരിപ്പന്‍മാര്‍ എതിര്‍ത്തു പറയുന്നത് കാര്യമാക്കണ്ട). “പാലകാട്ടുള്ള പട്ടത്തി....” എന്ന് തുടങ്ങുന്ന ഭക്തി ഗാനത്തിന് പുതിയ അര്‍ത്ഥവും മാനവും കണ്ടെത്തിയ ഓട്ടൊ രാജുവിന് മഹാകവി പദം നല്‍കാത്തത് തെക്കുള്ള അച്ചാ‍യന്‍ ലോബിയാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലൊ. ഈ കുറ്റുമുക്കിന്റെ തണലില്‍ വളര്‍ന്ന തൃശ്ശൂര്‍ പട്ടണം ഇന്ന് വളര്‍ന്ന് എവിടെ എത്തി?

അതു പോട്ടെ. പറയാന്‍ പോകുന്ന കഥകള്‍ ഈ പട്ടണത്തിന്റെ ബഹു-മുഖ കഴിവുകള്‍ തെളിയിക്കുന്നതാണ്. ഇതില്‍ ആദ്യ കഥയാണ് പട്ടി പിടുത്തം. കുറ്റുമുക്കിനു മാത്രം അവകാശപെട്ട തനത് കല.

1991 സെപ്റ്റമ്പര്‍ മാസം. നല്ല കാറ്റ് വീശുന്ന സമയം. കന്നി മാസമായതിനാല്‍ ചുറ്റുവട്ടത്തുള്ള പട്ടികള്‍കൊക്കെ ഒരു ഇളക്കം. ഓടി നടന്ന് നാട്ടുകാരെ കടിക്കാന്‍ തുടങ്ങി. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കാണ് ഏറ്റവും രസം. വടിയും കല്ലുമായി വേണം പോകാന്‍. അതൊരു പുതിയ സംഗതിയല്ല. ബസ്സിനിട്ടെറിയാനും, വഴിയിലുള്ള മാവിനെറിയാനും എന്തായലും കരുതണം. ഇപ്പോള്‍ ഒരു കാരണവുമായി. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അങ്ങിനെയല്ലല്ലൊ. ഭയങ്കര ടെന്‍ഷന്‍. അങ്ങിനെ ഇരിക്കെ, ഒരു ദിവസം കൂമ്പാരന്‍ കോളനിയില്‍ പട്ടികള്‍ ഒരു കുട്ടിയെ കടിച്ചു. (വഴിയേ പോയ നായുടെ വായില്‍ കൈ വച്ചു കൊടുത്താണ് എന്നും സംസാരമുണ്ട്). വൈകുന്നേരം കോളനി വാസികള്‍ ശുനകന്മാരെ ഉന്മൂലനം ചെയ്യാന്‍ തീര്‍ച്ചപെടുത്തി. അതിന്റെ ചുമതല കുട്ടന്‍ മേസ്ത്രിയേയും ഏല്പിച്ചു. ആളൊരു ബുദ്ധി രാക്ഷസന്‍.

രണ്ടു കുപ്പി കള്ളും മോന്തി പുള്ളി പട്ടി സൈക്കോളജി വിശകലനം ചെയ്ത്തു. അവരുടെ വീക് പൊയന്റ് നോക്കി ആക്രമിക്കാന്‍. രാത്രിയിലെ ആലൊചനയ്ക്കിടയില്‍ ഉറങ്ങി പോവുകയും ചെയ്തു. അതിരാവിലെ, ഒരു ബ്രെയിന്‍-സ്റ്റോര്‍മ്മു മായാണ് ഗെടി എഴുന്നേറ്റത്. പിന്നെ സംഭവിച്ചതെല്ലാം പെട്ടന്നയിരുന്നു. അടുത്തുള്ള പെട്ടി കടയില്‍ പോയി മിായി വാങ്ങി വന്നു. അതില്‍ നല്ല എലി പാഷാണം ചേര്‍ത്ത്, തിരിച്ചു പാക്ക് ചെയ്തു. പിന്നെ വഴിയില്‍ വിതറി.

ഇതിന്റെ ബാക്കി പത്രം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതണല്ലൊ. പട്ടികള്‍ കന്നി മാസം കഴിഞ്ഞപ്പോള്‍ അവരുടെ പാട്ടിനു പോയി. ആശുപത്രിയിലായ അഞ്ചാറു കുട്ടികള്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസ്ചാര്‍ജായി. കുട്ടന്‍ മേസ്ത്രി ഇന്നും പട്ടി സൈക്കോളജി വിശകലനം ചെയ്ത്തുകൊണ്ടിരിക്കുന്നു.

Friday, November 2, 2007

ഹനുമാന്‍

സംഭവം നടക്കുന്നത് പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഞാന്‍ പേയിങ്ങ് ഗെസ്റ്റായി വലിയ വീട്ടില്‍ താമസിക്കുന്ന കാലം. വീടിന്റെ പേരാണ് വലിയ വീട്. ഒരു ഓടിട്ട രണ്ടു നില മാളിക. അവിടുത്തെ താമസക്കാര്‍ വല്യമ്മയും അപ്പു ചേട്ടനും. വല്യമ്മയുടെ ഇളയ മകനാണ് 45 കഴിഞ്ഞ, അവിവാഹിതനായ അപ്പു ചേട്ടന്‍. ആളോരു പാവം.

വല്യമ്മ എന്നും അതിരാവിലെ (4.30നു, എന്നെ സംഭന്ധിച്ചിടത്തോളം പാതിരാവ് എന്നും പറയാം.) എഴുന്നേറ്റ് തിരുവമ്പാടിയില്‍ പോയി വരും. ഒരിക്കലും തെറ്റിക്കാത്ത ഒരു ശീലം. അങ്ങിനെ ഇരിക്കെ ഒരു ഡിസം‌മ്പര്‍ തണുപ്പില്‍ ഞാന്‍ മൂടിപുതച്ച് ഉറങ്ങുമ്പോള്‍, പെട്ടന്ന്, എന്തോ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാന്‍ ഞെട്ടി ഉണര്‍ന്നു. കേട്ട പാതി, കേക്കാത്ത പാതി ഞാന്‍ താഴേയ്ക്ക് ഓടി. വീടിന്റെ വരാന്തയില്‍ ദാ കെടക്കണു വല്യമ്മ. അപ്പു ചേട്ടന്‍ ആകെ തരിച്ച് അടുത്തിരിക്കുന്നു. ആദ്യ നോട്ടത്തില്‍ കാറ്റു പോയിന്നാണ് തോന്നിയത്. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ മനസ്സിലായി, സംഭവം ബോധകേടാണ്. അകത്തു പോയി വെള്ളം കൊണ്ടുവന്ന് മുഖത്ത് തെളിച്ചപ്പോള്‍ വല്യമ്മ കണ്ണുതുറന്നു. ചുറ്റും പകച്ചു നോക്കി.

“ഗുരുവായൂരപ്പാ, ഞാനെന്താ കണ്ടെ! ഭഗവാനെ രക്ഷിക്കണേ.” ഈ പാതി രാത്രി (5.30 ആയി കാണണം) അമ്പലത്തി പോയാ പിന്നെ വല്ല കള്ളനും വരാതിരിക്കോ? ഞാന്‍ ഉറക്കെ ചോദിച്ചില്ല എന്നേ ഉള്ളു.

“വല്യമ്മ എന്താ കണ്ടെ?” ശംശയം പാടില്ലല്ലൊ.

“സാക്ഷാല്‍ ശ്രീ ഹനുമാന്‍. ഭഗവാനെ എന്തൊരു മറിമായം”

എത്ര കഷ്ടപെട്ടാണ് അന്ന് ചിരിക്കാതെ നിന്നത് എന്ന്, ഇന്ന് പറഞ്ഞല്‍ മനസ്സിലാവില്ല. അപ്പു ചേട്ടന്റെ മുഖത്ത് ഒരു ജാള്യത ഉണ്ടായിന്നോ എന്ന് എനിക്ക് തോന്നി. കാര്യമാക്കിയില്ല.

എന്തായലും നാട്ടിലെല്ലാവരും വല്യമ്മ ഹനുമാനെ കണ്ട കാര്യം അറിഞ്ഞു. വല്യമ്മയുടെ ഭക്തി ആയിരിക്കും കാരണം എന്ന് പൊതുവെ അഭിപ്രായവും ഉയര്‍ന്നിരുന്നു. അങ്ങിനെ കുറച്ച് കാലം കഴിഞ്ഞ് ഒരു ദിവസം വയ്കുന്നേരം ഞാനും അപ്പു ചേട്ടനും കൂടി പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുമ്പോളാണ് ആ കഥയുടെ മുഴുവനും ഗുട്ടന്‍സ് പിടികിട്ടിയത്.

സംഭവം നടക്കുന്നതിന്റെ തലേന്നാണ് അപ്പുവേട്ടന് ഒരു യോഗയെ കുറിച്ചുള്ള ഒരു പുസ്തകം കിട്ടിയത്. പുള്ളികാരന്‍ അതിരാവിലെ മുണ്ടുടുത്ത്, പുസ്തകത്തില്‍ പറഞ്ഞ പ്രകാരം ശീര്‍ഷാസനം ചെയ്തു കൊണ്ടിരുന്ന പോഴാണ് വല്യമ്മയുടെ വരവ്. ആ പോസില്‍, അപ്പുവേട്ടന്റെ മുണ്ടഴിയുക്കയും, വല്യമ്മ ഇരുട്ടില്‍ പ്രഷ്ടം കാണുകയുമാണ് ഉണ്ടായത്. പ്രഷ്ടത്തെ ഹനുമാനാക്കിയതിന്റെ ജാള്യതയാണ് ഞാന്‍ അന്നു അപ്പുവേട്ടന്റെ മുഖത്ത് കണ്ടത്.

മരിക്കുമ്പൊ വല്ല്യമ്മ സന്തുഷ്ടയായിരുന്നു എന്നാണ് അടുത്തിടയ്ക്ക് അപ്പുവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞത്. അന്നു കണ്ട ഹനുമാന്റെ അടുത്തേയ്ക്കല്ലേ പോകുന്നത് എന്ന ആശ്വാസം.