Thursday, October 16, 2008

ഒരു പ്ലാസ്റ്റിക്ക് കവറിന്റെ ഓര്‍മയ്ക്ക്.

“ഇരുട്ടിലിരുന്ന് ഇരുട്ടിലേക്ക് നോക്കിയാല്‍ കാണുന്നത് നമ്മുടെ ഉള്ളിലെ ഭയ്മാണ്“ എന്ന് മുത്തച്ഛന്‍ പറഞ്ഞതു ഉണ്ണിയുടെ കാതില്‍ മുഴങ്ങി. പണ്ടെപ്പഴോ ചെറുപ്പത്തില്‍ പറഞ്ഞതാണു. ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍. കര്‍ട്ടന്റെ വിടവിലൂടെ വന്ന സ്റ്റ്റീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ കവിളിലെ കണ്ണുനീര്‍ തുള്ളി തിളങ്ങി. പതുക്കെ അത് താഴേക്ക് ഒഴുകി അപ്രത്യക്ഷമായി. കണ്ണുനീര്‍ നിറഞ്ഞ് പള്ളുങ്കുമണികള്‍ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകളിലൂടെ അവന്‍ കൈലിരുന്ന ചുരുട്ടി കൂട്ടിയ പ്ലാസ്റ്റിക്ക് കവറില്‍ ഒരു വിളറി വെളുത്ത ഒരു വൃദ്ധന്റെ മുഖം കണ്ടു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.”

-----
തോടിയിലൂടെ വള്ളി നിക്കറും ഇട്ട് വട്ടുരുട്ടി ഉണ്ണി ഓടി. പുറകില്‍ കുരച്ചു കൊണ്ട് ടൈഗറും. പറമ്പിന്റെ തെക്കേ അറ്റത്ത് പടര്‍ന്ന് നിന്ന കശുമാവിന്റെ അടിയില്‍ എത്തിയപ്പോള്‍ താഴെ വീണു കിടക്കുന്ന കശുമാങ്ങയുടെ മണം മൂക്കിലെത്തിയതിനാല്‍ ഓട്ടം നിന്നു. കൈ എത്തുന്ന ദൂരത്തുള്ളതെല്ലാം പറിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ കൊമ്പില്‍ പഴുത്ത കുറെ മാങ്ങകള്‍ കാറ്റത്ത് ആടി തിമര്‍ത്തു. അതിനു ചുറ്റുമുള്ള ഇലകള്‍ കൂട്ടിചേര്‍ത്ത് പുളിയുറുമ്പുണ്ടാക്കിയ കൂടു കണ്ടപ്പോള്‍ കേറാനുള്ള മനകരുത്ത് ചോര്‍ന്നു പോയി. കഴിഞ്ഞ ഓണത്തിനു പറങ്കി മാവില്‍ വച്ച് കിട്ടിയ പുളിയുറുമ്പിന്റെ കടിയുടെ വേദന ഓര്‍മ്മ വന്നു. ഒരു ദിവസം മുഴുവന്‍ വെളിച്ചെണ്ണ തേച്ച് ഇരുന്ന ശേഷമാണു ഒരു സ്വല്പം സമാധാനം കിട്ടിയതു. ഇനി അതു വേണ്ട.

പുറകില്‍ പുല്ലു വെട്ടുന്ന ശബ്ദം കേട്ടാണു ഉണ്ണി തിരിഞ്ഞു നോക്കിയതു. താഴെ തറവാടിന്റെ പിന്നാമ്പുറത്തെ തെങ്ങിന്റെ ചുറ്റിലെ പുല്ലു വെട്ടുന്ന മുത്തച്ഛന്‍. മുത്തച്ഛന്‍ വലിയ ആളല്ലേ? പുളിയുറുമ്പിനെ പേടിക്കണ്ടല്ലൊ.
“മുത്തച്ഛാ, ഒന്നിങ്ങട് വരോ?”
“എന്തിനാ ഉണ്ണിയേ?”
“വാ. ഒരു കാര്യണ്ട്.”
പതുക്കെ നടന്നു വരുന്ന മുത്തച്ഛനെ നോക്കി താഴെ ഇരുന്നു ഉണ്ണി. മുടി വെളുത്തു തുടങ്ങിയിട്ടുണ്ട് എന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. അതെന്താണാവോ അങ്ങിനെ? അടുത്തെത്തിയപ്പൊ മുത്തച്ഛന്റെ മുടിയില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ണിയുടെ ശംശയം പുറത്തു വന്നു.
“മുത്തച്ഛന്റെ മുടി എന്താ വെളുത്തിരിക്കണെ?”
“അതു ചോദിക്കാനാണൊ ഉണ്ണിയേ എന്നെ നീ ഈ കേറ്റം കയറിച്ചത്?”
“അല്ല. അതു ആ കശുമാങ്ങ പറിച്ചു തരോന്ന് ചോദിക്കാനാ. ഇനി ഇതു പറ”
“അതു മുത്തശ്ശനു വയസ്സായി വരല്ലെ, അതോണ്ട് നരക്കണതാ.”
മാവിന്റെ അടീ പോയി മൊത്തം ഒന്നു നോക്കി. “ഹമ്മ്. പുളിയുറുമ്പുണ്ടല്ലെ? വഴിണ്ടാക്കാം”
മുത്തച്ഛന്റെ അടുത്തു പോയി നിന്ന് മാവിലേക്ക് നോക്കി ഉണ്ണി. “ഈ മുത്തച്ഛനു എന്തു പൊക്കാ?” മനസ്സില്‍ കരുതി ഉണ്ണി. “മുത്തച്ഛനു ഇത്രക്കും പൊക്കം എങ്ങനെയാ കിട്ടിയേ?”
അവന്റെ തലമുടിയില്‍ വിരലോടിച്ചു അവനെ എടുത്തു പൊക്കി. “അതേ നന്നായി ചോറുണ്ണണ്ണം. നെയ്യും, ഉപ്പേരിം കൂട്ടി. അപ്പൊ കൊറച്ചു നാളു കഴിയുമ്പൊ എന്നേക്കാളും ഉണ്ണിക്കു പൊക്കം വെക്കും”
അവന്റെ മുഖം തെളിഞ്ഞു. അവനെ താഴെ ഇറക്കി, കള്ളി മുണ്ട് മടക്കി കുത്തി മുത്തച്ഛന്‍ കശുമാവില്‍ വലിഞ്ഞു കയറി. മുത്തച്ഛന്‍ മുകളിലേക്ക് കയറും തോറും ഉണ്ണിയുടെ വായും തുറന്നു കൊണ്ടിരുന്നു. “എന്റമ്മേ എത്ര പൊക്കത്തിലാ മുത്തച്ഛന്‍? യ്യോ.”
“മുത്തച്ഛാ, പേടി ആവണില്ലേ താഴെ നോക്കുമ്പൊ?”
“പേടിച്ചോണ്ടിരുന്നാ ഉണ്ണിക്ക് കശുമാങ്ങ തിന്നാന്‍ പറ്റോ?”
അഞ്ചാറു മാ‍ങ്ങ പൊട്ടിച്ചു താഴേക്കിട്ട് മുത്തച്ഛന്‍ താഴേക്കിറങ്ങി. മുഖത്ത് കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പിനെ അപ്പോഴാ ഉണ്ണി കണ്ടത്. മാത്രമല്ല, നെഞ്ചിലും, കൈയ്യിലും, കാലിലുമൊക്കെ കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പുകളെ മുത്തച്ഛന്‍ കൈ കൊണ്ട് പറിച്ച് എറിഞ്ഞു. കടിച്ച സ്ഥലങ്ങളിലെല്ലാം ചെറിയ ചുവന്ന പാടു മാത്രം അവശേഷിച്ചു.
“നന്നായി വേദനിച്ചൊ മുത്തച്ഛാ?” മുത്തച്ഛനെ മരം കേറ്റണ്ടായിരുന്നുന്ന് അവനു തോന്നി.
“ഈ ചെറിയ ചെറിയ വേദന ഉണ്ടാവുംന്ന് വച്ച് നമ്മള് നല്ല നല്ല കാര്യം ചെയ്യാണ്ടിരിക്കാന്‍ പാടുണ്ടൊ? മുത്തശ്ശന് കടി കൊള്ളുംന്ന് പറഞ്ഞ് മരം കേറാണ്ടിരുന്നാ, ഉണ്ണിക്ക് ഇത് തിന്നാന്‍ പറ്റോ? സാരല്ല്യാട്ടൊ.”

-----
ഉണ്ണി കോളേജ് ഗ്രൌണ്ടിന്റ് പടിയില്‍ കാലും നീട്ടി കിടന്ന് മുകളിലേക്ക് പുക വിട്ടു. അടുത്തിരുന്ന തോമാസ് കൈയില്‍ പുകയിലയും കഞ്ജാവും ചേര്‍ത്ത് തിരുമ്മി. അപ്പുറത്ത് പടര്‍ന്നു നില്‍ക്കുന്ന അരണ മരത്തിന്റെ നിഴലില്‍ മുഖത്ത് പുസ്തകം കമഴത്തി ഉറങ്ങുന്ന പപ്പന്‍.
സിഗററ്റ് ഗ്രൌണ്ടിലേക്ക് എറിഞ്ഞ് ഉണ്ണി എഴുന്നേറ്റു ചാരി വച്ച ബൈക്കിനടുത്തേക്ക് നടന്നു.
“നീ എങ്ങോട്ടാ? വൈന്നേരം തറവാട്ടിലേക്കില്ലെ? എന്റെ ചെലവാ.”
“ഇന്ന് പറ്റില്ല്യാ. അമ്മേടെ കാര്‍ന്നോരു വരണുണ്ട്. രാത്രി വീട്ടി കേറില്ലെങ്കി അമ്മേടെ തെറി കിട്ടും”
“എന്റെ ഭാഗ്യം. എന്റെ ആളു പണ്ടേ ഗോളായി”
വീട്ടിലെത്തി കുളിച്ച് മുന്‍വശത്തു എത്തിയപ്പോഴേക്കും മുത്തച്ഛനു എത്തി കഴിഞ്ഞിരുന്നു.
“എന്തൊക്കെ ഉണ്ട് ഉണ്ണിയേ വിശേഷം? എന്നേക്കാളും പൊക്കാ‍യല്ലൊ?”
മുത്തച്ഛനെ ഒന്നു ചിരിച്ചു കാണിച്ചു കൊണ്ട് ടി വി യുടെ മുന്നില്‍ പോയി കാലും നീട്ടി ഇരുന്നു.
“ഞാന്‍ ഉണ്ണിക്കു വേണ്ടി കശുമാങ്ങ കൊണ്ടോന്നിട്ടുണ്ട്. തരട്ടേ?”
“എനിക്കു വേണ്ട. ഡ്രസ്സെല്ലാം വൃത്തികേടാവും” ഉത്തരം പെട്ടന്നായിരുന്നു. മുത്തച്ഛന്‍ ഒരു നിമിഷം നിന്നിട്ട് അകത്തേക്കു കയറി പോയതും, ആ കണ്ണ് നിറഞ്ഞതും ഉണ്ണി കണ്ടില്ല. ഊണു കഴിഞ്ഞു മുറിയില്‍ കയറി നോവലു വായിച്ചോണ്ടിരുന്നപ്പോഴാണു മുത്തച്ഛന്‍ അകത്തോട്ടു വന്നത്. വന്ന് കട്ടിലില്‍ ഇരുന്നു. “വല്ലവരുടേയും മുറിയില്‍ പോകുമ്പൊ ഒന്നു കൊട്ടീട്ടു കേറിക്കൂടെ?” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖം ചുളിഞ്ഞു.
“പഠിത്തൊക്കെ എങ്ങനെണ്ട് ഉണ്ണിയേ? നല്ല മാര്‍ക്കൊക്കെ കിട്ടണ്ടല്ലൊ അല്ലേ?”
“ഉവ്വ” ഒന്നു കനപ്പിച്ചു പറഞ്ഞു.
“പഠിച്ചോണ്ടിരിക്കാണൊ? ഞാന്‍ വന്നത് ശല്യായൊ?”
ഉവ്വ് എന്നു പറയാന്‍ വന്നത് കഷ്ടപെട്ട് അടക്കി. “ഏയ്. അങ്ങനെ ഒന്നൂല്ല.”
“ഞാന്‍ നാളെ അതിരാവിലെ പൊവ്വും. പിന്നെ എന്നാണാവൊ കാണാന്‍ പറ്റാ? നിശ്ചയല്ല്യാ. വയസായില്ലേ?”
ഉണ്ണി ഒന്നും പറഞ്ഞില്ല. പോയ ശേഷം വേണം വായന തുടരാന്‍. നല്ല സസ്പെന്‍സ് വന്നു നില്‍ക്കുമ്പൊഴാ..
“എന്നാ, ഉണ്ണി പഠിച്ചോളു. ഞാനും പോയി കെടക്കട്ടെ.” എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണു അപ്രതീക്ഷിതമായി ആ ചോദ്യം വന്നതു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.” മേശപ്പുറത്തിരുന്ന ഒരു പുതിയ പ്ലാസ്റ്റിക്ക് കവറു നോക്കി. തോമാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പൊ ഡ്യൂട്ടി ഫ്രീ കള്ള് കൊണ്ടു വന്നതാണു.
“മുത്തച്ചനു എന്തിനാ ഇതു? ഉള്ള കവറൊന്നും പോരെ?” പറഞ്ഞു കഴിഞ്ഞാണു വേണ്ടായിരുന്നുന്ന് തോന്നിയതു.
“അതും ശരിയാ‍. ഈ വൃദ്ധനെന്തിനാ പുതിയ കവറ്?” പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു മുത്തച്ഛന്‍.
“ച്ഛെ. കഷ്ടായി. വേണ്ടാര്‍ന്നു. കൊടുക്കായിരുന്നു. തൊമ്മനോടു ഇനീം ചോദിച്ചാലും തരൂല്ലൊ. സാരല്ല്യ, അടുത്ത തവണ തറവാട്ടി പോകുമ്പൊ കൊടുക്കാം” ഉണ്ണി മനസ്സി പറഞ്ഞ് പുസ്തകത്തില്‍ മുഴുകി.

---
ദിവസം രണ്ടു കഴിഞ്ഞു. ക്ലാസ്സില്‍ അടുത്തുള്ള അസീസ്സിന്റെ പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ വരച്ചു കൊണ്ടിരുന്നപ്പോഴാണ് പ്യൂണ്‍ വന്ന് വിളിപ്പിച്ചത്. “പ്രിന്‍സിപ്പാലെന്തിനാ ഇപ്പൊ എന്നെ വിളിപ്പിക്കണെ? കൊറച്ചു ദിവസായി പ്രത്യേകിച്ച് അലമ്പൊന്നും ഒപ്പിച്ചിട്ടുല്ലല്ലൊ?” എന്ന് ആലോചിച്ചാണു നടന്നത്. പ്രിന്‍സിപ്പാലിന്റെ റൂമിലെത്തിയപ്പോഴാണു അമ്മ ഇരിക്കുന്നത് ഉണ്ണി ശ്രദ്ധിച്ചത്. കരഞ്ഞ് കലങ്ങിയ കണ്ണു കണ്ടപ്പൊഴേ മനസ്സിലായി എന്തോ പന്തികേടുണ്ട്.
“ഉണ്ണി, മുത്തച്ഛന്‍....പോയി.” അവനെ കെട്ടി പിടിച്ചു അമ്മ തേങ്ങി.

Wednesday, July 2, 2008

മലയാലം കൊരച്ച് കൊരച്ച് അരിയാം.

പണ്ട് കോളേജില്‍ പഠിക്കുമ്പൊ ആരെങ്കിലും ഇങ്ക്ലീഷില്‍ ഒരു വാക്കെങ്ങാനും പറഞ്ഞാല്‍, പിന്നെ അവന്റെ അപ്പനേയും, അപ്പൂപ്പനേയും തുടങ്ങി പന്ത്രണ്ടാം നൂറ്റാണ്ടിലെ അവന്റെ മുത്തച്ഛനെ വരെ തെറി അഭിഷേകം നടത്തി കുളിപ്പിച്ച് കിടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് അന്ത കാലം. സുവര്‍ണ്ണ കാലം. ഇപ്പൊ മലയാളം ചാനലില്‍ വരുന്ന ഒരോരുത്തരുടെ മലയാളം കേട്ടാ ടി.വി കണ്ടു പിടിച്ചവന്റെ അപ്പനിട്ട് രണ്ടു പൊട്ടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇതൊക്കെ ഇപ്പൊ എന്തിനാ വെളമ്പുന്നത് എന്ന് ചോദിച്ചാല്‍, അതിനുള്ള കാരണം ഇന്നലത്തെ കര്‍ണ്ണാടക ഹൈ കോടതി ഉത്തരവു തന്നെ.

കുറച്ചു കാലമായി ഇന്ത്യാ മഹാരാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങള്‍ക്കും ഒണ്ടായിട്ടുള്ള ഒരു അസുഖമാണ്, വിദ്ധ്യാഭ്യാസ മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത്. മാതൃഭാഷ നന്നായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ രണ്ടു തരമില്ല. മാതൃഭാഷയില്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും എല്ലാവര്‍ക്കും കഴിയണം എന്നുമുള്ള കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഈ കഴിവു കിട്ടുന്നതിന് പഠിക്കുന്ന മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത് വിഡിത്തമാണു എന്നുള്ളതാണു ഈയുള്ളവന്റെ പക്ഷം. അതിനൊരു നല്ല തെളിവാണു ഞാന്‍. ചെറുപ്പം മുതല്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍. എസ്.എസ്.എല്‍.സി വരെ എല്ലാ വര്‍ഷവും രണ്ട് മലയാളം പേപ്പറു വച്ച് പഠിക്കുകയും, എഴുതുകയും, പാസ്സാവുകയും ചെയ്തിട്ടുണ്ട്. കോളേജ് കഴിഞ്ഞ് കേരളം വിടുന്ന വരെ ഇംഗ്ലീഷില്‍ രണ്ടു വരി ആരോടെങ്കിലും പറയണമെങ്കില്‍ വിയര്‍ക്കുമായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കിലും. ഈ കഥ എന്റെ സ്കൂളില്‍ പഠിച്ച 99% പേരുടേയും കാര്യത്തിലും ബാധകമായിരിക്കും. (ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍). എല്ലാം കഴിഞ്ഞു കോളേജിലെത്തിയപ്പൊ, ഒട്ടു മിക്ക സഹപാഠികളും ഇതേപോലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്, ഇംഗ്ലീഷു സംസാരിക്കാന്‍ കഷ്ടപെടുന്ന കൂട്ടത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍ മലയാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കു പോലും പറ്റാത്ത അത്ര കടുപ്പമാര്‍ന്ന കവിതകള്‍ എഴുതുന്ന കൂട്ടത്തിലായിരുന്നു. ആ കവിതകള്‍ കേട്ട് മോഹാലസ്യപെട്ട് വീഴുന്നവരെ നോക്കാന്‍ മാത്രമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു വാര്‍ഡുണ്ടായിരുന്നത്രെ.

എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ തന്നെ പഠിക്കണം എന്ന് പറയുന്നതിന് എന്താണ് ലോജിക്ക്? അത് പഠിക്കാന്‍ പോകുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിടുന്നതല്ലെ നല്ലതു? അല്ലാതെ രാഷ്ട്രീയകാരാണൊ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഒരു സ്വാതന്ത്ര്യമല്ലേ അത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ അവര്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ഇവിടെ കുഴപ്പമില്ല. കാശില്ലാത്തവരുടെ കുട്ടികള്‍ മാതൃഭാഷാ മീഡിയത്തില്‍ തന്നെ പഠിക്കണം (വാദം മുഴുവനും സര്‍ക്കര്‍ സ്കൂളുകളേയും ഏയ്ഡഡ് സ്കൂളുകളേയും ചുറ്റിപറ്റിയാണു എന്ന് ഓര്‍ക്കുക) എന്നു പറയുന്നതു ഹിപ്പോക്രസ്സിയാണ്. ഈ ഹിപ്പോക്രസ്സിക്കെതിരായാണ് ഇന്നലെ ഹൈ-കോടതി ഉത്തരവ്. അടുത്ത രണ്ടു മാസം രാഷ്ട്രീയകാര്‍ക്ക് പറഞ്ഞു നടക്കാന്‍ കാരണമായി.

കമ്മിങ്ങ് ബാക്ക് ടു ദ പോയന്റ്...ഔ...ക്ഷമി. മാ‍തൃഭാഷ സംസാരിക്കാനും, വായിക്കാനും, എഴുതാനും മാത്രമായി ആ മീഡിയത്തില്‍ പഠിക്കണമെന്നില്ല. അതിനു വേണ്ടത് ഒരേ ഒരു വസ്തു മാത്രം: മനസ്സ്.

(പിന്നാമ്പുറം: ഈയുള്ളവന്റെ മാതൃഭാഷ മലയാളമല്ല.)

Monday, May 5, 2008

നിറങ്ങള്‍

വാസു പറഞ്ഞ കഥ

പോലീസ് സ്റ്റേഷണില്‍ എത്തിയപ്പൊഴേ വസൂന്റെ കാറ്റ് മുക്കാലും പോയി. ഇന്‍‌സ്പെക്റ്ററെ കണ്ടതോടെ അടി മുടി വിറക്കാനും തുടങ്ങി. കസേരക്കു പിറകില്‍ ഇരുന്ന ആ അജാന ബാഹൂന്റെ ബാഹു എങ്ങാനും മേത്തു വീണാല്‍ പിന്നെ ജീവന്‍ ബാക്കി കാണില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം വാസുവിനു കൊടുത്താത് ഭാഗ്യം.
“നീയും ചന്ദ്രനും ച്ചക്കരേം തേങ്ങേം അല്ലായിരുന്നോടാ?” ഒരു മാതിരി ചിരട്ട പാറപ്പുറത്ത് ഉരക്കുന്ന ശബ്ദത്തില്‍ ഏമാന്‍ മുരണ്ടു
“ഉവ്വ. ഞങ്ങള് ഗെഡികളായിരുന്നു”
“അപ്പൊ നീയാണോടാ അവനെ കൊന്നത്? സത്യം പറഞ്ഞില്ലേല്‍ നിന്റെ ഷേപ്പ് ഞാന്‍ മാറ്റും”
“അയ്യോ. സത്യായിട്ടും ഞാനല്ല. അവനെ കൊന്നത് ആ ദുഷ്ഠ്ന്‍ ഭാസ്കരന്‍ തന്നെയാ. എല്ലാവരും കാണ്‍കെ അല്ലെ സാറെ അവന്‍ ആ പാവത്തിനെ വെട്ടി നുറുക്കീത്. ചന്ദ്രന്റെ അനിയത്തീടെ മേത്ത് ആ അലമ്പന് കണ്ണു വീണതാ എല്ലാത്തിനും കാരണം. എത്ര പെണ്ണുങ്ങളേയാ അവന്‍ പെഴപ്പിച്ചേക്കണെ? വഴീലു വച്ച് അവളെ കേറി പിടിച്ചതിനു ചന്ദ്രന്‍ അവനുമായി കൊറച്ചു ദെവസം മുമ്പ് ഒന്ന് ഒടക്കിയതാ. അന്ന് അവനെ തല്ലി ഓടിച്ചതാ. അതിന്റെ കണക്ക് തീര്‍ക്കാനാ അവന്‍ ഇന്നലെ ചന്തേലു അവനെ വെട്ടിയത്.”
“ഈ പറയുന്ന ചന്ദ്രനും കുറെ അടി പിടി കേസ്സില്‍ കക്ഷി ആണല്ലൊ? അവന്‍ ഒന്നും ചെയ്തിട്ടില്ല?”
“അവനൊരു പാവാ. വല്ലോരും പറയണതു കേട്ട് പെട്ടന്ന് ചാടി പൊറപ്പെടും. ആരേം വേണംന്ന് പറഞ്ഞ് ദ്രോഹിക്കാറില്ല. ഒരു പൊട്ടന്‍.”
“ഹൂം...ശരി. ഞാന്‍ വിളിപ്പിക്കുമ്പൊ വരണം. പൊക്കൊ.”

ഭാസ്കരന്‍ പറഞ്ഞ കഥ

തണുത്ത സിമന്റു തറയില്‍ മതിലിനോടു ചേര്‍ന്നിരുന്ന് ഭാസ്കരന്‍ ഏമാനെ യാതൊരു വിധ വികാരവുമില്ലാതെ നോക്കി. നെറ്റിയില്‍ കെട്ടിയ വെള്ള ബാന്റേജില്‍ നിന്നും ചോര പാട് കാണാം. ഒരു കണ്ണ് കറുത്ത് വിങ്ങി ഇരിക്കുന്നു.
“നീ ഈ നാട്ടിലെ വലിയ ഗുണ്ടയാണെന്ന് കേട്ടല്ലൊ?”
ഒരു പുഛച്ചിരിയില്‍ അവന്‍ തെന്റെ ഉത്തരം ഒതുക്കി.
“ഛി, നായെ ചിരിക്കുന്നോ?” ചാടി എണീറ്റ ഏമാന്‍ അവന്റെ കഴുത്തു പിടിച്ചു പൊക്കി ചെകിടത്തൊന്നു പൊട്ടിച്ചു. അടിയുടെ ഊക്കില്‍ മൂക്കില്‍ നിന്നും ചോര തെറിച്ചു. അതു കൈകൊണ്ടു തുടച്ച് വീണ്ടു തറയിലിരുന്നു.
“എന്തിനാടാ നീ ചന്ദ്രനെ കൊന്നെ? മുന്‍ വൈരാഗ്യമാണ് എന്ന് കേട്ടല്ലൊ?”
“അതെ”
“അവന്റെ പെങ്ങളെ നീ കയറി പീടിച്ചതിന്റെ അടീടെ പകരം വീട്ടിതാണോടാ കഴുവേറിടെ മോനെ?”
“വഴീ പോണ പെണ്ണുങ്ങടെ കൈ പിടിക്കണ സ്വഭാവം എനിക്കല്ല. ആ ചത്തു പോയ ........ നായക്കാ...” പറ്റിയ വാക്കു കിട്ടാതെ കുറച്ചു നേരം അവന്‍ തപ്പി. ഉള്ളിലുള്ള വൈരാഗ്യം മുഴുവനും അവസാന വാക്കിലൂടെ പുറത്തു വന്നു.
“കൊലക്കുപയോഗിച്ച ആയുധം കിട്ടിയോ?” ഏമാന്‍ തിരിഞ്ഞു നോക്കി കോണ്‍സ്റ്റബിളിനോട് ചോദിച്ചു
“ഉവ്വ. ആയുധോം, ഇവന്റെ ചോരപൊരണ്ട കുപ്പയോം എല്ലാം തെളിവാക്കിട്ടുണ്ട്”
“ഹൂ. ഇനി നീ രക്ഷപെടണത് എനിക്കൊന്നു കാണണ്ണം”

സാവിത്രിഅമ്മ പറഞ്ഞ കഥ

മുഷിഞ്ഞ വെള്ള മുണ്ടും, നരച്ച ഒരു ബ്ലൌസ്സും ഇട്ടൊരു സ്ത്രീ. വര്‍ഷങ്ങളുടെ കഷ്ടപാട് അവരുടെ മുഖത്ത് നല്‍കിയ വരകള്‍ തെളിഞ്ഞു കാണാം. എണ്ണതേക്കാതെ പാറി പറന്നിരിക്കുന്ന വെള്ള മുടി. കരഞ്ഞു കലങ്ങിയിട്ടുണ്ടെങ്കിലും ആ കണ്ണുകളിലെ തീവൃത മങ്ങിയിട്ടില്ല. എന്തിനും പോന്നവളെന്ന് കണ്ടാലറിയാം. തൊട്ടരികില്‍ ഒരു ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു. ഏമാനെ കണ്ടിട്ടും എണീക്കാന്‍ പോയില്ല. തല ഉയര്‍ത്തി നോക്കി അത്ര മാത്രം.
“നിങ്ങളാണോ മരിച്ചുപോയ ചന്ദ്രന്റെ അമ്മ?”
“അതെ”
“നിങ്ങടെ മോനെ എന്തിനാ ഭാസ്കരന്‍ കൊന്നത് എന്നറിയോ?”
“അവന്‍ ഒരു പാവായിരുന്നു. വല്ലപോഴും കള്ളു കുടിച്ചു കൂട്ടുകാരുടെ കൂടെ ചെറിയ അടിപിടി ഒണ്ടാക്കുംന്നല്ലാണ്ട് അവന്‍ ആരേം ദ്രോഹിക്കാറില്ല. അവന്‍ കഴിഞ്ഞ പൂരത്തിനു ഭാസ്കരന്റെ കടേലു അടി ഉണ്ടാക്കിയിരുന്നു. അതിന്റെ കണക്കു തീര്‍ത്തതായിരിക്കും. എന്റെ നാത്തൂനു ഇങ്ങനെ ഒരു കുരുത്തം കെട്ട ഒരുത്തന്‍ ഒണ്ടായല്ലൊ!”
“ഭാസ്കരന്‍ ആളെങ്ങനെയാ?”
“തെക്കെമുക്കിലു കൊറെ നാളായി കട നടത്തുണ്ട്. ആളെ പറ്റിക്കലാ സ്ഥിരം പരിപാടി. ഉള്ള സാധനത്തിലെല്ലാം മായം ചേര്‍ക്കും. ചോദിക്കാന്‍ പോയാ അടിയും. കൊറച്ചു നാളു മുമ്പ് എന്നെ കണ്ടപ്പൊ കൊറച്ച് പച്ചകറി പൊതിഞ്ഞു തന്നു. പെട്ടന്നുള്ള സ്നേഹം കണ്ടപ്പോഴേ എനിക്ക് തോന്നീതാ എന്തോ മനസ്സി കണ്ടോണ്ടാന്ന്.”
“ചന്ദ്രനെ കൂടാതെ നിങ്ങക്ക് പിന്നെ ആരൊക്കെ ഉണ്ട് മക്കളായിട്ട്?”
“ഒരു പെണ്ണുണ്ട്, എളേതായിട്ട്. പഠിക്കണു. പിന്നെ ദേ ഇവനും”
“എവിടെ അവളു?”
“അകത്ത് കെടക്കാ. ഇന്നലെ തൊടങ്ങിയ കരച്ചിലാ.”
“അതിനും ഭാസ്കരനുമായി എന്താണു ബന്ധം?”
ഒരു നിമിഷം മിണ്ടാണ്ടിരുന്നു സാവിത്രിഅമ്മ. ആ കണ്ണില്‍ ദേഷ്യം കത്തി വന്നു.“ആ എരണം കെട്ടോള്‍ക്ക് ആ നാശത്തിനെയാ ഇഷ്ടപെടാന്‍ കണ്ടത്. കൊല്ലും ഞാന്‍ അവളെ, ഇനി അവനെ കുറിച്ചെങ്ങാനും പറഞ്ഞാ.”
“പ്രേമം മാത്രേ ഉള്ളോ അതോ വേറെ വല്ലതും ഉണ്ടൊ?”
അങ്ങേരുടെ മുഖത്തു നിന്നും കണെടുക്കാതെ അവര്‍ പറഞ്ഞു “ഉണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ പണ്ടേ നുറുക്കിയേനെ”

മാധവി പറഞ്ഞ കഥ

ഒരു കീറിയ പാവാടയും ബ്ലൌസ്സും ഇട്ട മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടി. കണ്ണു കലങ്ങിയിട്ടുണ്ട്. കണ്ണിലെ പേടി വളരേ വ്യക്തമായി കാണാം.
“എന്താടി ഒരു മോങ്ങലു? ചേട്ടന്‍ ചത്തതിനോ? അതോ കാമുകന്‍ ജയിലില്‍ പോണേതിനൊ?”
അവള്‍ ഒന്നും മിണ്ടിയില്ല
“ഛീ പുല....... മോളെ, മോങ്ങുന്നോ? പറയടി.”
“ഭാസ്കരേട്ടനെ ഓര്‍ത്ത്”
“അവടെ ഒരു ഭാസ്കരേട്ടന്‍. സ്വന്തം ചേട്ടനെക്കാള്‍ അവനോടാണോടി നിനക്ക് സ്നേഹം. തേവിടിച്ചി..... എന്താടി നീയും അവനും തമ്മിലുള്ള ബന്ധം?”
“ഭാസ്കരേട്ടന്‍ എന്റെ മൊറച്ചെറുക്കാനാ...എന്നെ ഇഷ്ടായിരുന്നു”
“വേറെ എന്തൊക്കെ ഉണ്ടാവാറുണ്ട് നിങ്ങളു തമ്മിലു?”
“ഒന്നൂല്ല”
അവളുടെ കരച്ചിലെല്ലാം മാറി. ഒരു പുതിയ ധൈര്യം കൈവന്ന പോലെ.
“കൊറച്ചു നാളു മുമ്പ് അവന്‍ നിന്നെ വഴീ വച്ച് കേറി പിടിച്ചിരുന്നൊ?”
“ഇല്ല. ഭാസ്കരേട്ടന്‍ അത്തരകാരനല്ല.”
“പിന്നെ എത്തരകാരനാ അവന്‍? അവന്‍ വഴീലു വച്ച് നിന്നെ കേറി പിടിച്ചത് ചന്ദ്രന്‍ കണ്ടതായി ഞാന്‍ കേട്ടല്ലൊ? എന്നിട്ട് അവരു തമ്മിലു അടി ഉണ്ടായതായും??”
“ഓ അതോ ഞങ്ങളു സംസാരിച്ചു നിന്നപ്പൊ അയാളു വന്നതാ. ഭാസ്കരേട്ടനെ കണ്ടപ്പോ ഇഷ്ടായില്ല. അപ്പോ തല്ലുണ്ടാക്കി. ഞാനുള്ളതു കൊണ്ട് ഭാസ്കരേട്ടന്‍ ഒന്നും ചെയ്തില്ല. ഒരു കട നടത്തി ആരേം ദ്രോഹിക്കാണ്ട് നടക്കായിരുന്നു. ചെറുപ്പം തൊട്ടേ എന്നെ ഒത്തിരി ഇഷ്ടാ.”
“സ്വന്തം ചേട്ടനെ ആണോടി അയളെന്ന് പറയണെ?”അവളുടെ കണ്ണില്‍ ഒരു കനലു കത്തി.
“ഒരു ചേട്ടന്‍. പെങ്ങടെ അടിപ്പാവാട അഴിക്കാന്‍ ശ്രമിക്കണോരെ ആഭാസന്‍ എന്നാ വിളിക്കണ്ടെ. ആ സ്ത്രീടെ ആദ്യ ഭര്‍ത്താവിലുണ്ടായ അയാളെ ഞാന്‍ എന്തിനാ ചേട്ടന്ന് വിളിക്കണെ?”
ഇത്തവണ മിണ്ടാതെ ഇരുന്നത് ഏമാനായിരുന്നു.
“ഹൂം. അപ്പൊ കഥ വിചാരിച്ച പോലെയല്ല. അവന്‍ എപ്പോഴാ നിന്റെ പാവാട കേറി പിടിച്ചെ? രണ്ടു ദിവസം മുമ്പാ?”
“അതെ....ഞാന്‍ ഭാസ്കരേട്ടന്റടുത്ത് പറയരുതായിരുന്നു.”

--കഥ ക്ലോസ്സ്--

Wednesday, February 20, 2008

പുട്ടു മാഹത്മ്യം

പുട്ട്, പിട്ട്, സ്റ്റീംട് റൈസ് കേക്ക്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന തൂ വെള്ള നിറത്തിലും‍, സ്വല്പം ചുവപ്പു നിറത്തിലും (അതിനിടയിലുള്ള എല്ലാ നിറങ്ങളിലും) കാണപെടുന്ന, മലയാളിയുടെ രാഷ്ട്ര ഭക്ഷണത്തെ കുറിച്ചു രണ്ടു വാക്കു എഴുതണം എന്നു വിചാരിക്കന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അതിനിടക്ക് മുറ തെറ്റിക്കാതെ പാവം പുട്ടുകളെ ദയാ-ദാക്ഷിണ്യമില്ലാതെ തിന്നു കൊണ്ടുമിരുന്നു. പുട്ടുണ്ണി ബ്ലോഗ് വന്നതോടെ ആ മുട്ടിനു ആക്കം കൂടുകയും ചെയ്തു.

പല വിധതിലുള്ള പുട്ടുകള്‍ക്കും ഒരു പൊതു പിന്‍ തലമുറക്കരനുണ്ട്. ചിരട്ട പുട്ട്, മുള പുട്ട്, കുറ്റി പുട്ട്, മൈക്രോവേവ് പുട്ട് തുടങ്ങിയ പുട്ടുകളത്രയും സ്വന്തം പിന്‍ തലമുറക്കാരെ കുറിച്ചു അന്വേഷിച്ചാല്‍ എത്തി ചേരുന്നത് ഒരാളില്‍ തന്നെ. സാക്ഷാല്‍ ആദം പുട്ടില്‍. ദൈവം ആകാശവും ഭൂമിയും പിന്നെ ടൈം പാസ്സിനു മനുഷ്യനേയും ഉണ്ടാക്കി റെസ്റ്റ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് പുട്ടുണ്ടാക്കാന്‍ തോന്നിയത്. പെട്ടന്ന് ഉണ്ടാക്കിയതു കൊണ്ട് ഉപ്പു കുറയുകയും, കൂട്ടി കഴിക്കാന്‍ ഒന്നുമില്ലാത്തതിനാലും, അദ്ദേഹം അതിനെ താഴോട്ട് “പുട്ട്” ചെയ്തു. (പുട്ടിനു, പുട്ടെന്ന പേരു വന്നതിനെ കുറിച്ചു ആര്‍ക്കും ഇനി സംശയം ഇല്ല എന്ന് വിശ്വസിക്കുന്നു). അങ്ങിനെ ഭൂമിയില്‍ വന്നു പതിച്ച പുട്ടിനെ വെട്ടിയ ആദവും ഹവ്വയും പുട്ടു പ്രേമികളായി (തെക്കന്‍ കേരളത്തില്‍, ഹവ്വ ആദത്തിനു കൊടുത്തത് ആപ്പിളല്ല പുട്ടാണ് എന്നും ഒരു വശമുണ്ട്). അവര്‍ തങ്ങളുടെ പ്രിയ മക്കളായ മലയാളികള്‍ക്ക് എന്നും കാലത്ത് കഴിക്കാനായി നല്‍കിയതോടെയാണ് പുട്ട് ഒരു ദേശിയ ഭക്ഷണമായി മാറിയത്.

ആദ്യ കാലങ്ങളില്‍ അരി പൊടിയില്‍ തേങ്ങ ചേര്‍ത്ത് ചിരട്ടക്ക് അകത്തു വച്ച് ആവി കയറ്റിയാണ് ഇതു ഉണ്ടാക്കിയിരുന്നത്ത് എന്ന് ചില ഗുഹാചിത്രങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. മിക്കാവറും ഗുഹകളും അപ്പാര്‍ട്ട്മെന്റ്സായി മാറിയതിനാല്‍ ഇനി ഈ വക ചിത്രങ്ങള്‍ കാണാന്‍ വിഷമമാണ്. പിന്നീട് 1620-ലെ കാറ്റുവീഴ്ചയില്‍ വന്‍ തോതില്‍ തെങ്ങു നാശം വന്നതിനു ശേഷമാണ് നാം ഇന്നു കാണുന്ന കുറ്റി പുട്ടുകള്‍ ഉണ്ടായത്. ആദ്യം മുളംകുറ്റിയിലും, പിന്നെ ചെമ്പു കുറ്റിയിലും, ഇപ്പൊള്‍ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ കുറ്റിയിലും എത്തി നില്‍ക്കുന്ന പുട്ടിന്റെ വളര്‍ച്ച അസൂയ വഹമാണ്. എന്നാലും അതിന്റെ പൊങ്ങച്ചം ഇല്ലാട്ടൊ.

ഇത്രയും വലിയ ചരിത്രമുള്ള പുട്ട് പല പല രൂപത്തിലും കാണപ്പെടുന്നു. പ്ലയിന്‍ തേങ്ങാ പുട്ട്, ചക്കര പുട്ട്, പഞ്ചാര പുട്ട്, മസാല പുട്ട്, ഇന്നലത്തെ പുട്ട് തുടങ്ങി “ലൊ-കാര്‍ബ്” പുട്ടു വരെ ഇന്ന് സുലഭം. ഈ വക പുട്ടുകള്‍ കഴിക്കാനുള്ള ടെക്കനോളജിയും പലവിധം. പുട്ടും പഴവും, അതിന്റെ കൂടെ പപ്പടവും, അതിന്റെ കൂടെ പാലും കൂട്ടിയുള്ള ഒരു വിധം. പുട്ടും കടലയും, പുട്ടും കുറുമയും, പുട്ടും മുട്ട കറിയും, പുട്ടും ചില്ലി ചിക്കണും, തുടങ്ങി പുട്ടും പെപ്സിയും കൂട്ടി വരെ കഴിക്കുന്ന മഹാന്മാര്‍ ഏറെ. എന്തിനധികം, ഉഗാണ്ടന്‍ പ്രസിഡന്റായിരുന്ന ഇദി ആമിന്‍ തന്റെ ആത്മകഥയില്‍ പോലും പുട്ടിനു വേണ്ടി 4 പേജ് മാറ്റി വച്ചിട്ടുണ്ട്. വടക്കന്‍ ചൈനയില്‍ കിട്ടുന്ന വാന്റണ്‍ എന്ന സുന, പുട്ടിന്റെ വേറെ രൂപമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമൊ? പാരിസിലെ പ്രശസ്തമായ “ലെ അപ്പിറ്റേസ‍“-യില്‍ ഏറ്റവും ഡിമാന്റുള്ള സാധനവും പുട്ടു തന്നെ.

ഇത്രയും പ്രശസ്തിയും, കഴിവും, ടേസ്റ്റും ഉള്ള പുട്ടിനെ നമ്മുടെ ഇന്ത്യയുടെ തന്നെ ദേശീയ ഭക്ഷണം ആക്കാന്‍ നാമെല്ലാവരും ശ്രമിക്കണം. കണ്ണി കണ്ട അമേരിക്കന്‍ കുത്തകകള്‍ ദുര്‍ വിനയോഗം ചെയ്യുന്നതിനു തടയിടാനായി നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ജ്യോഗ്രഫിക്കല്‍ പാറ്റെന്റിനു അപേക്ഷ കൊടുക്കണം. അല്ലെങ്കില്‍ ഇതും മറ്റൊരു ബസുമതി (അയലത്തെ അല്ല)യുടെ അവസ്ഥയാകും. അഖില ലോക മലയാളികളെ നമുക്ക് പുട്ടിനു പിന്നില്‍ അണി നിരക്കാം....ഇങ്ക്വിലാബ് സിന്ദാബാദ്!

Monday, February 11, 2008

ചക്ക വീണാല്‍....

തൃശ്ശൂര്‍ പൂരത്തിന് അമിട്ട് മോളില്‍ വിടുന്നതു ദൈവം. താഴേക്ക് വരുത്തുന്നതും പുള്ളി തന്നെ. അതു പോലെ ചക്ക പ്ലാവില്‍ തന്നെ കായ്ക്കണം എന്ന് തീരുമാനിച്ചതും അദ്ദേഹം തന്നെ. ആ നിലയ്ക്ക് നോക്കിയാല്‍ വെട്ടി താഴോട്ടിടുന്നതും ദൈവം തന്നെ ആയിരിക്കില്ലേ? അപ്പൊ ആ ചക്ക തല്ലയില്‍ വീണാ പിന്നെ ആരെ കുറ്റം പറയാന്‍ പറ്റും?

കാലന്‍ ദിവാകരനും, മൂത്ത തിരുമേനിയും ആത്മാര്‍ത്ഥ സുഹ്രത്തുക്കള്‍. ചക്കരയും തേങ്ങയും പോലെ. തിരുമേനിയാണെങ്കിലും ആളു തരികിട. ഉച്ചക്കു തുടങ്ങുന്ന കള്ളു കുടി. ചീട്ടു കളി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ അടിപിടിക്കു പോകാറില്ല. ഇതിനെല്ലാം ഇടക്ക് ക്ഷേത്രത്തില്‍ പൂജയും. ഒരിക്കല്‍ അടിച്ചു പിസ്റ്റായി അമ്പലത്തില്‍ കയറിയതിന് നാട്ടുകാരു പൊട്ടിച്ച ശേഷം, അമ്പലത്തിലെ പൂജ കഴിഞ്ഞ് ഇറങ്ങിയ ശേഷമേ ഇപ്പൊ കുടിയുള്ളു‍. ഓണം കേറാമൂലയിലുള്ള ആ അമ്പലത്തില്‍ പൂജ ചെയ്യാന്‍ വേറെ ആരേയും കിട്ടാത്തതിനാല്‍ ജനം അങ്ങേരെ സഹിച്ചു കൊണ്ടിരുന്നു.

സംഭവം നടക്കുന്നത് ഒരു ഞായറാഴ്ചയാണ്. ഗിരിജയില്‍ ആ ആഴച്ചയിറങ്ങിയ പീസ്സു പടം “ബാക്ക് ടു ബാക്ക്” രണ്ടു വട്ടം കണ്ട് ഏകദേശം രാവിലെ 1 മണിയോടെ രണ്ടു പേരും കൂടി ഒരു സൈക്കിളില്‍ വീയൂര്‍ സെന്ററല്‍ ജയിലിന്റെ അടുത്തുകൂടെ വച്ചു പിടിപ്പിച് വരുന്ന വഴി. ജയിലില്‍ കിടക്കുന്ന എല്ലാവന്മാരേയും തെറി വിളിച്ചു അങ്ങിനെ പതുക്കെ വരുമ്പോഴാണ് കാലന്റെ കണ്ണില്‍ ആ കാഴ്ച്ച വന്നു പെട്ടത്. നല്ല മുഴുത്ത ഒരു ചക്ക. അമ്പലം വിഴുങ്ങി മേനോന്റെ പറമ്പിലാണ്. പട്ടിയുണ്ട് എന്ന് ഗേറ്റില്‍ വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. സൈക്കിള്‍ അടുത്തുള്ള കലുങ്കില്‍ ചാരി നിറുത്തി ഒരു കഞ്ജാവു ബീടിക്കു തീ കൊളുത്തി ചിന്തയില്‍ മുഴുകി. പ്രോബ്ലംസ് രണ്ടെണ്ണം. പട്ടിയെ എങ്ങിനെ ഒതുക്കും? ശബ്ദമുണ്ടാക്കാതെ ചക്ക എങ്ങിനെ കടത്തും? അങ്ങിനെ ഗഹന ചിന്തയില്‍ നില്‍ക്കെ തിരുമേനിക്കാണ് ദിവ്യ ദൃഷ്ടി വന്നത്.

“ടാ, അവറാന്റെ ഇറച്ചി കടയുടെ പൊറകെ പൊയാ ഇന്ന് എല്ല് കിട്ടും. ഞായറാഴ്ച വെട്ടിന്റെ ഭാക്കി തിങ്കളാഴ്ചയെ മറ്റൂ. അതെടുത്ത് കൊടുത്താ ആ പട്ടിനെ സൈടാക്കാം. പിന്നെ സുഖല്ലേ?’

“ശൊ, നിന്റെ ഒരു ബുദ്ധി...സമ്മതിച്ചു. എന്നാ പിന്നെ സമയം കളയണ്ട.”

രണ്ടു സൈക്കിളെടുത്ത് ഇറച്ചി കടയിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ശബ്ദമുണ്ടാക്കാതെ ചക്കയെടുക്കാനുള്ള ബുദ്ധി വന്നത് കാലനു. കഞ്ജാവിന്റെ ഒരു കഴിവേ! “തിരുമേനി, നമുക്കൊരു കയറൊപ്പിക്കാന്‍ പറ്റോ?”

“അതെന്തിനാടാ ശവി നിനക്കു കയറ്?” തിരുമേനി ഞെട്ടി. ചക്ക കണ്ടിട്ടിതു വരെ ആര്‍ക്കും തുങ്ങി ചാവാന്‍ തോന്നിയതായി പുള്ളിയും കേട്ടിട്ടില്ല.

“ചക്ക, കയറു കെട്ടിയെറക്കിയാ ശബ്ദം ഒണ്ടാവൊ? ബുദ്ധി വേണം”

അവന്‍ പറഞ്ഞതിലും സത്യമുണ്ട് എന്ന് തിരുമേനിക്ക് തോന്നി. മണ്ടനാണെങ്കിലും തന്റെ കൂടെ നടന്ന് കാലനും ബുദ്ധി വക്കുന്നതില്‍ ഒരു അഭിമാനം തോന്നാതെയും ഇരുന്നില്ല. “അതിനു പാടില്ല. മേനോന്റെ കെണറ്റിന്‍ കരയിലുണ്ടാകും. നല്ല ആഴമുള്ള കെണറാണ്.”

ഇറച്ചി കടയുടെ പുറകില്‍ തപ്പിയപ്പൊ രണ്ടു വലിയ എല്ലു കിട്ടി. കുറച്ച് മണ്ണു തട്ടിയ ബോട്ടിയും. എല്ലാം കൂടി ഒരു ഇലയില്‍ പൊതിഞ്ഞ് തിരിച്ച് പോയി മേനോന്റെ വീടിന്റെ പുറകു വശത്തെ മതിലു ചാടി. ഇരുട്ടത് കുറച്ചു നേരം കാത്തു നിന്നപോഴാണ് ശുനകന്റെ വരവു. മുന്നിലെഴുതി പിടിപ്പിച്ച ബോര്‍ഡിന്റെ സൈസ്സു പോലുമില്ലാത്ത ഒരു നാടന്‍ ശുനകന്‍. ഇറച്ചിയുടെ മണം കിട്ടിയപ്പോഴേക്കും അവന്റെ വാല് പറിഞ്ഞു പോകും വിധം ആട്ടി തുടങ്ങി. “ആര്‍ത്തി പണ്ടാരം” എന്ന് രണ്ടു പേരും മനസ്സില്‍ കരുതുകയും ചെയ്തു. ഉള്ള എല്ലും, ഇറച്ചിയും അവിടെ വച്ചിട്ട് രണ്ടു പേരും കിണറ്റിന്‍ കരയിലേക്കു നടന്നു. അവിടെ കിടന്ന കയറൂരി നേരെ പ്ലാവിന്റെ മൂട്ടിലെത്തി. ഇത്രയും ആയപ്പൊ ക്ഷീണം മാറ്റാന്‍ ഒരു ബീഡി കത്തിച്ച് ആത്മാവിനു പുക കൊടുത്തു.

റോട്ടിലെ ട്ട്യൂബിന്റെ വെളിച്ചത്തില്‍ മൂന്നു നാലാള്‍ ഉയരത്തില്‍ ചക്ക കാണാം.

“അപ്പൊ നീ ഇനി എന്താ ചെയ്യാന്‍ പോണെ?” കാലനോടാണ്.

“ഞാന്‍ പ്ലാവി കേറി കൊമ്പിന്റെ മോളില്‍ കൂടെ കയറു വലിക്കും. എന്നിട്ട് അതിന്ററ്റം ചക്കേമെ ക്കെട്ടും. നീ മുറുക്കെ വലിച്ചു പിടിക്കണം. അല്ലെങ്കി വെട്ടുമ്പൊ താഴെ വീഴും. ഞാന്‍ പറയുമ്പൊ പതുക്കെ പതുക്കെ വിട്ടു കൊടുത്താ മതി.” കാലന്‍ ഫുള്‍ ആക്ഷണോടെ പറഞ്ഞു കൊടുത്തു. തന്നേകാള്‍ വലിയ ചക്ക എങ്ങിനെ ഒറ്റക്കു താങ്ങും എന്ന സംശയം കഞ്ജാവിന്റെ ബലത്തില്‍ തിരുമേനിക്കും വന്നില്ല. സൈക്കിളിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പേനാ കത്തിയെടുത്ത് തിരുമേനിയേ കാണിച്ചു. അമ്പട ഭയങ്കരാ, എന്ന് തിരുമേനി വിചാരിച്ചെങ്കിലും പുറമേ കാട്ടിയില്ല.

കയറിന്റെ ഒരറ്റം കാലന്‍ തന്റെ അരയില്‍ കെട്ടി മുകളിലേക്ക് വലിഞ്ഞു കയറി. മിടുക്കനാണ്, പറയാതിരിക്കന്‍ പറ്റില്ല. ഇതിനിടെ പട്ടി എല്ലും കടിച്ചു പിടിച്ചു തിരുമേനിയുടെ അടുതെത്തി. കയറിന്റെ കാര്യം മറന്നു കുറച്ച് നേരം അതിനെ താലോലിച്ചു കൊണ്ടിരുന്നപ്പോഴാണ് മുകള്ളില്‍ നിന്നും കാലന്റെ വിസ്സിലടി കേട്ടത്.

“തിരുമേനി കയറു വലിച്ചു പിടി. വിട്ടാ താഴെ വീഴും”

തന്റെ ഉള്ള ആരോഗ്യം എടുത്ത് തിരുമേനി വലിച്ചു പിടിച്ചു. “മൊറക്കെ പിടിച്ചൊ...ഞാന്‍ ദാ വെട്ടണൂ.”

സിനിമയിലെ സസ്പെന്‍സ് രംഗം പോലെ ഒരു നിമിഷം സ്ലൊ മോഷണില്‍ പോയി. ആ ചക്ക തന്റെ നേരെ അതേ സ്ലോ മോഷണില്‍ വരുന്നതാണ് തിരുമേനി അവസാനമായി കണ്ടതു. രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോ ഹോസ്പിറ്റലിലായിരുന്നു. ചക്ക മുഖത്തു വീണ് ഷേപ്പു മാറിയ രൂപത്തില്‍.

അവസാന സീന്‍ ഒരു റീ-വൈന്റടിച്ചാല്‍ നമുക്കു കാണാവുന്ന സീന്‍ ഇതാണ്: കാലന്‍ പ്ലാവില്‍ പറഞ്ഞ പോലെ തന്നെ കയറി. പറഞ്ഞ പൊലെ തന്നെ കയറെടുത്ത് ചക്ക മേലും കെട്ടി. ഒരു സംഗതി മാത്രം വിട്ടു. കൊമ്പിന്റെ മോളില്‍ കൂടി കയറ് ഇടണം എന്ന കാര്യം.

ബാക്കി പത്രം: ചക്ക വീണ ശബ്ദം കേട്ട് നാട്ടുകാരോടി കൂടി. കാലനെ പിടിച്ച് പോലിസിലേല്പിച്ചു. മോന്തയുടെ ഷേപ്പ് മാറിയതു കൊണ്ടും, ചത്തു പോയാ കേസാകും എന്ന് പേടി കാരണവും മേനോന്‍, തിരുമേനിയെ കേസ്സില്‍ നിന്നും ഒഴിവാകി. സൈക്കിള്‍ അപകടമാക്കി സര്‍ക്കരാശുപത്രിയിലാക്കി. ആ സമയങ്ങളില്‍ കുറച്ചു ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ സ്റ്റേഷണില്‍ എത്തിയ പാടെ ന്യൂസ് പേപ്പറെടുത്തു കൊടുത്തു. വായിച്ചു ബുദ്ധി വികസിപ്പിക്കാനല്ല. ഉടുതുണി അഴിച്ചു നിക്കുമ്പൊ ചുറ്റി പിടിക്കാന്‍. രണ്ട് ദിവസം പോലിസിന്റെ ഇടിയും, ന്യൂസു വായനയും കഴിഞ്ഞപ്പോ അവരു തന്നെ പറഞ്ഞു വിട്ടു. അതിനു ശേഷം കാലന്‍ ദിവാകരന്‍, ചക്ക ദിവാകരനായി. ഇന്നും തിരുമേനിയുടെ മുഖത്തു നോക്കിയാല്‍ ചക്കയുടെ അളവറിയാം.

Wednesday, January 16, 2008

ഇനാംപീച്ചി

കഴിഞ്ഞ തവണ ഹാപ്പിയേ കുറിച്ച് ബ്ലോഗില്‍ അപവാദം എഴുതി പിടിപ്പിച്ചു എന്ന പാര ബാംഗ്ലൂരില്‍ നിന്നും, മുംബയിലേക്കും, അവിടെ നിന്ന് മസാല ചേര്‍ത്ത് “റെടി ട്ടു ഈറ്റ്” പരുവത്തില്‍ ദുബായിലേക്കും എത്തുക ഉണ്ടായി. അവന്റെ തിരിച്ചുള്ള പര്‍സല്‍ ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കാം. അതിനാല്‍ മുന്‍കൂറായി ഒരു കരുണാനിധി സ്റ്റയില്‍ കൂളിങ് ഗ്ലാസ് വാങ്ങിയിട്ടുണ്ട്. കണ്ടാലും തിരിച്ചറിയില്ലല്ലൊ. ബ്ലോഗെഴുത്തിന് ഈ വക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം. സോപ്പ് നാട്ടുകാരിട്ടോളും.

കഴിഞ്ഞ ബ്ലോഗില്‍ (62 ഏക്കറില്‍) ഫാസ്റ്റ് ഫുഡ് ഗാങ്ങിനെ കുറിച്ചു എഴുതിയിരുന്നു. അതിലെ ഓരൊ കഥാപാത്രങ്ങളും കാണിച്ചു കൂട്ടിയ കോപ്രാട്ടികള്‍ കോര്‍ത്തിണക്കിയാല്‍ ഒന്നു രണ്ടു ഹിറ്റു സിനിമക്കുള്ള വകയുണ്ട്. ഈ വകയില്‍, ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്നാണ് താഴെ എഴുതിയിരിക്കുന്നത്.

പതിവു പോലെ 6 മണിയോടെ കഥാപാത്രങ്ങള്‍ എത്തി കൊണ്ടിരിക്കുന്ന സമയം. അജോയ്, ടോപ്, രാജീവ്, തുടങ്ങിയര്‍ എത്തിയിട്ടുണ്ട്. അപ്പോഴാണ് ഞങ്ങളുടെ പതിവു സ്ഥലത്ത് ഒരു ഈനാംപീച്ചി പോലെ ഒരു കഥാപാത്രം നില്‍ക്കുന്നത്. കുട്ടപ്പന്‍ പാന്റും, തിളങ്ങുന്ന ഷൂസും (അന്നു കാലത്ത് പാരഗ്ഗണ്‍ ചപ്പലാണ് ഞങ്ങളില്‍ മിക്കവരുടേയും കാലില്‍), ഫുള്‍ കൈ ഷര്‍ട്ടും (ഞാന്‍ ആദ്യമായി ഫുള്‍ കൈ, ബട്ടണോടെ ഇടുന്നത് സംഭവം നടന്ന് ഒരു ആറു വര്‍ഷങ്ങള്‍ക്കു ശേഷമാകും), കഴുത്തിലൊരു കോണാനും. ഇതൊന്നും പോരാണ്ട് ഒരു കൂളിങ് ഗ്ലാസ്സും, ഫില്‍റ്റര്‍ സിഗററ്റും(വെള്ള കാജയില്‍ കൂടിയ സാധനം അന്ന് ലക്ഷ്വറി). ഒരു മൈന്റുമില്ലാതെ നീട്ടി വലിച്ച് പുക വിട്ടു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സ്ഥലത്തു വന്ന്, ഒരു പുഛത്തില്‍ ഞങ്ങളെ നോക്കുന്ന ഈ തെണ്ടി ആരാണ്, എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് മൂലക്ക് ചാരി നിര്‍ത്തിയിരിക്കുന്ന യമഹ ബൈക്ക് കണ്ണില്‍ പെട്ടത്ത്. അതിന്റെ മുകളില്‍ ഒരു വാക്വം ക്ലീനര്‍. കാര്യം പിടി കിട്ടി. അക്വാ-ഗാര്‍ടിന്റെ സെയിത്സ് റെപ്പാണ്. ആ തെണ്ടിയാണ്, ഞങ്ങള്‍, ഭാവി എന്‍ജിനിയേഷസിനെ, “പുഛ്ഞ്ഞത്തില്‍“ നോക്കുന്നത്.

പിന്നെ പതുക്കെ ടോപ്പ് തുടങ്ങി. “വീട്ടിലിപ്പൊ മമ്മായ്ക്ക് വാക്വം ക്ലീനറില്ലാതെ ഒന്നും നടക്കുന്നില്ല. ഇതു പോലെ ഒരു യന്ത്രം ഞാന്‍ കണ്ടിട്ടു പോലുമില്ല.”

അജോയും വിടാനുള്ള ഭാവമില്ല.” അതെ. ശരിക്കും. ഇപ്പൊ വിശ്വസിക്കാനെ പറ്റണില്ല, ഒരു കൊല്ലം മുമ്പ് എന്റെ വീട്ടില്‍ എങ്ങനെയാണ് ക്ലീനിങ്ങ് നടന്നിരുന്നത് എന്ന്”

ഇത്രയും കേട്ടപ്പൊ ഈനാംപീച്ചിയുടെ ചെവി തിരിഞ്ഞു. ഒന്നു രണ്ടടി പൊങ്ങുകയും ചെയ്തു. ഈ പറഞ്ഞിതിന്റെ കൂട്ടത്തില്‍ എന്തെങ്കിലും ചേര്‍ക്കണം എന്ന് ആ മുഖത്ത് വരുകയും ചെയ്ത്തു.

ടോപ്പ് തുടര്‍ന്നു. “ ഇത് വന്നതി പിന്നെ എന്റെ വിട്ടില്‍ കൊതുകേ ഇല്ല.” എല്ലാവരും ടോപ്പിനെ സൂക്ഷിച്ചു നോക്കി. ഇദേഹത്തിന്റെ ശരിക്കുമുള്ള പേരു ജോര്‍ജ്ജ്. മറ്റുള്ളവരെ ടോപ്പിലേക്കാക്കി താഴെ ഇടുന്നതാണ് ചേട്ടന്റെ സ്ഥിരം പരിപാടി. ടോപ്പിലാക്കുമ്പൊ എല്ലാവരും സുഖിച്ച് പോകും. വീഴ്ച്ച...ഹൂ. ടോപ്പിന്റെ മുഖത്താണെങ്കില്‍ യാതൊരു ഭാവ വ്യത്യാസമില്ല. ആളെ ടോപ്പിലാക്കുകയാണൊ എന്ന് മനസിലാകുന്നുമില്ല. ടോപ്പിന്റെ സ്വഭാവമറിയാത്തതിനാല്‍ ഈനാംപീച്ചിക്ക് സുഖിച്ചു. ഒപ്പം അത്ഭുതവും. കൊതുകു ശല്യം വാക്വം ക്ലീനറു വെച്ച് തീര്‍ക്കാം എന്നതു പുതിയ വാര്‍ത്ത. അടുത്ത ഇര കിട്ടുമ്പൊ എടുത്ത് കാച്ചാല്ലോ!

“അതെങ്ങിനെ? “ അത്ഭുതത്തോടെ രാജീവാണ്.

“ഓ. സിമ്പിള്‍. അതിന്റെ അറ്റം എടുത്ത് ഞങ്ങള്‍ കൊതുകിനെ തല്ലി കൊല്ലും”

കാറ്റു പോയ ബലൂണ്‍ പോലെ ഈനാംപീച്ചി ചുരുങ്ങി.

“ഇതു വച്ച് മീനും പിടിക്കാം” ടോപ്പിനു നിര്‍ത്താനുള്ള ഭാവമില്ല.

“ഇതിന്റെ അറ്റത്ത് നൂലു കെട്ടി ഇരയിട്ടാണൊ?”

ഇനാംപീച്ചിയുടെ മുഖം വിളറി വെളുത്തു (ആദ്യം കണ്ടപ്പൊ രജനികാന്തിന്റെ നിറമായിരുന്നു.). വായയും പൊളിച്ച് അടുത്ത അമിട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ മുഖം 10-14 വര്‍ഷം കഴിഞ്ഞ് ഇന്നും മനസ്സിലുണ്ട്.

ടോപ്പ് തുടര്‍ന്നു: “ഛായ്, മണ്ടത്തരം പറയല്ലെ.” മൊത്തം ഒരു സസ്പെന്‍സ് വരുത്തി ഒളി കണ്ണിട്ട് ഇനാംപീച്ചിയെ നോക്കി. “ആ ഹോസ്സിന്റെ അറ്റം വെള്ളത്തി മുക്കി ഓണാക്കിയാ മതി. വലിച്ചെടുത്തോളും”

ഇനാംപീച്ചി ഏതു വഴിക്ക് മുങ്ങി എന്നത് ഇന്നും പിടികിട്ടാത്ത സമസ്യയാണ്.

Tuesday, January 15, 2008

കുറ്റുമുക്കു ദിനങ്ങള്‍

മറ്റെല്ലാടത്തുമെന്ന പോലെ, കുറ്റുമുക്കിലും ദിന രത്രങ്ങള്‍ പതിവു പോലെ വന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും മറ്റിടങ്ങളിലെന്ന പൊലെ തന്നെ കാണപെടുന്നു. പിന്നെ എന്താണ് കുറ്റുമുക്കിലെ പ്രത്യേകത? പൊതു ജനം. അതു തന്നെ. ഇവരേ കുറിച്ചു പറയുകയാണെങ്കില്‍, എല്ലവരും ശുദ്ധമായ മലയാളം തൃശ്ശൂര്‍ അരിയങ്ങാടി സ്റ്റയിലില്‍ മാത്രഭാഷ ആകിയവരാണ്. അതായത് പിതാവിനെ കാര്‍ന്നോരെന്നും, സുഹൃത്തിനെ ഗെടി എന്നും, അടിക്ക് ബുഷിടലെന്നും, ബാറിനെ തറവാടെന്നും വിളിച്ചു പോരുന്നു. സ്വാഭാവം ആടിനെ പോലെ. (തൃശ്ശൂര്‍ ഭാഷയില്‍ ആടിന്റെ അര്‍ഥം ചോദിച്ചറിയുക). ജ്യൊഗ്രഫിയെ പറ്റി പറയുക ആണെങ്കില്‍ ആലു തുടങ്ങി അമ്പലം വരേയും അവടിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറുമുക്ക് വരേയുള്ള സ്ഥലം. അമ്പലത്തിന്റെ വലത്തോട്ട് ഷാപ്പ് വരേയും കുറ്റുമുക്കു തന്നെ. ഇങ്ങനെയുള്ള ഇട്ടാ-വട്ട സ്ഥലത്തു എന്ത് പ്രത്യേകത എന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവര്‍ കുറ്റുമുക്കിന്റെ പുലികുട്ടികളെ അറിയാത്തതിനാല്‍ മാത്രം.

അവിടുത്തെ ജീവിതം ഏകദേശം ഇങ്ങനെയാണ് കടന്നു പോകുന്നത് (പൊതു ജനം തൃശ്ശൂരില്‍ ക്വട്ടേഷന്‍ എടുക്കാത്ത ദിനങ്ങളില്‍):

രാവിലെ 10മണി: അമ്പലത്തിന്റെ അടുത്തുള്ള എന്‍.എസ്.എസ് കരയോഗ്ഗത്തിന്റെ മുന്നില്‍ (ഇതുവരെ തുറന്നു കണ്ടിട്ടില്ല) ചീട്ടുകളി.

11: പോലീസിന്റെ ബീറ്റ്. ജനം മതിലുചാടി ഓടി, അമ്പല പറമ്പു വഴി കുളത്തിന്റെ അരികില്‍ എത്തുന്നു. വീണ്ടും ചീട്ടു കളി. ഇതിന്റെ ഇടക്ക്, സിനിമക്ക് ഇടയില്‍ കപ്പലണ്ടി പോലെ, ചായയും പരിപ്പു വടയും.

1.30: ഊണിനു വേണ്ടി അവരവരുടെ വീടുകളിലേക്ക് ജനം പോകുന്നു. അതു കഴിഞ്ഞു ഒരു പറ്റം അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. പടക്കം വര്‍ഷോപ്പിലേക്ക്. പാട്ട ഓട്ടൊയുമായി ചേരൂര്‍ക്ക്. പൂള്ള ആലിനച്ചുവട്ടില്‍ കാലു നീട്ടി ഉറങ്ങാന്‍. ബാക്കി ഒരു പടയായി ഷാപ്പിലേക്ക്.

6: പോയ മഹാന്‍ മാരെല്ലാം തിരിച്ചെത്തുന്നു. കൂലങ്കഷമായി ചര്‍ച്ച ചെയ്ത്ത് ഏതു സിനിമക്കു പൊകണം ഏന്ന് തീരുമാനമുണ്ടാക്കുന്നു. ഒരു പടയായി സീഗ്ഗൊയിലേക്കു തെറിക്കുന്നു (തൃശ്ശൂര്‍ ഭാഷയില്‍ യാത്ര എന്നര്‍ത്ഥം). ഈ സീഗ്ഗൊയാകുന്നു കുറ്റുമുക്കു വാസികളുടെ തറവാട്. തറവാട്ടില്‍ കയറി നന്നായി വീശി, കിണ്ടിയായി തിയറ്ററിലേക്ക്.

9.30: തിയറ്ററില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൈടിച്ചും, വിസ്സിലടിച്ചും പ്രോത്സാഹനം. എതിരാളികളെ തെറി അഭിഷേകം. ആ തെറി കേട്ട് പല പ്രമുഖരും സിനിമാ അഭിനയം വരെ വേണ്ടാ എന്ന് വച്ച ചരിത്രമുണ്ട്. ഇവിടെ എടുത്തു പറ്യേണ്ട ഒരു വസ്തുത ഉണ്ട്. കുറ്റുമുക്കു വാസികള്‍ നയക-വില്ല വ്യത്യാസമില്ല. ചിലപ്പൊള്‍ നായകനു കിട്ടും കൈയ്യടി. ചിലപ്പൊള്‍ വില്ലനും. സോഷ്യലിസം സിന്ദാബാദ്. സംവിധായകന്‍ സിനിമ ബോറാക്കിയാല്‍ അതിനും പോംവഴി ഉണ്ട്. ഒരു ഉദ.: രാഗത്തില്‍ ഒരു സെന്റി പടം കണ്ടു കുണ്ടിരിക്കുന്ന ജനം. മൊത്തം കരച്ചില്‍. അതിനിടക്കു ഒരു തീവ്രമായ സീന്‍. പൂര്‍ണ്ണ നിശബ്ദത. പെട്ടന്ന് മുന്നിലെ സീറ്റില്‍ ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍. പരോപകാരാര്‍ഥം ഒരു ഉപദേശം “ആ കുട്ടിക്ക് മുല കൊടുക്കൂ” പാവം, കാര്യമായി പറഞ്ഞതാണ്. ഇത് കേട്ട് കലിച്ച ഭര്‍ത്താവ്: “ഏത് തെണ്ടിയാണ്ടറ വ്രത്തികേടു പറഞ്ഞത്?” ഉത്തരവും പെട്ടന്ന് : “മറ്റേതെടുത്തു അങ്ങേരടെ വായിലും കൊടുക്ക്”. ഇതു കഴിഞ്ഞാല്‍ പിന്നെ മുഴുനീള സെന്റി പടം, ഏക്ഷണ്‍ പടമായി മാറും. ചിലപ്പൊള്‍ തിയറ്ററിന്റെ സ്ക്രീനില്‍ ഒതുങ്ങിയില്ലെങ്കില്‍ തൃശ്ശൂര്‍ റൌണ്ടിലും എത്തും.

12: തട്ടു കടയില്‍ കയറി വെട്ട്. തിരിച്ച് വീട്ടിലേക്ക്.

2: രാത്രീഞ്ചരന്‍മാരായ ചിലര്‍ ഈ നേരത്തു ചക്ക, അണ്ടന്‍, മുണ്ട്, തുടങ്ങിയവ ശേഖരിക്കനും പോകാറുണ്ട്. ആദിവാസികള്‍ തേന്‍ ശേഖരിക്കുന്ന പൊലെ.

പിന്നെയും പകല്‍ വരും, പോകും. പൊതു ജനം പഴയ പോലെ തന്നെ.

Sunday, January 13, 2008

A Modern mallu song

എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്
‍ചില്ലു ഗ്ലാസ്സിലൂറും ലികറൊന്നു വേണ്ടെ?...
ലികറൊന്നു വേണ്ടെ? നല്ല വീശുകാരാ..റമ്മിന്റെ കൂട്ടുകാരാ....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍ ഐസു കട്ടയാവാം
നിന്റെ കൈയില്ലെ പെഗ്ഗ് തീരുമ്പൊ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
നിന്റെ കീശേല്ലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം...( എന്റെ റമ്മിലെ ..)
തൊട്ടു കൂട്ടുവാനുള്ള പിക്കിളും....
തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലെ
തൊട്ടാടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍എത്ര മാത്രം കുപ്പി വേണേല്ലും വീണ്ടും നല്‍കിടാം ഞാന്‍.... ( എന്റെ റമ്മിലെ ..)


This is a song sent to me by a friend, who got it from somebody...ഇങ്ങനെ ഒരു മാരക കവിത എഴുതാന്‍ മാത്രം കലാവാസന എനിക്ക് ഉണ്ട് എന്ന് ഞാന്‍ തന്നെ വിശ്വസിക്കുന്നില്ല. :)