Wednesday, February 20, 2008

പുട്ടു മാഹത്മ്യം

പുട്ട്, പിട്ട്, സ്റ്റീംട് റൈസ് കേക്ക്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന തൂ വെള്ള നിറത്തിലും‍, സ്വല്പം ചുവപ്പു നിറത്തിലും (അതിനിടയിലുള്ള എല്ലാ നിറങ്ങളിലും) കാണപെടുന്ന, മലയാളിയുടെ രാഷ്ട്ര ഭക്ഷണത്തെ കുറിച്ചു രണ്ടു വാക്കു എഴുതണം എന്നു വിചാരിക്കന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അതിനിടക്ക് മുറ തെറ്റിക്കാതെ പാവം പുട്ടുകളെ ദയാ-ദാക്ഷിണ്യമില്ലാതെ തിന്നു കൊണ്ടുമിരുന്നു. പുട്ടുണ്ണി ബ്ലോഗ് വന്നതോടെ ആ മുട്ടിനു ആക്കം കൂടുകയും ചെയ്തു.

പല വിധതിലുള്ള പുട്ടുകള്‍ക്കും ഒരു പൊതു പിന്‍ തലമുറക്കരനുണ്ട്. ചിരട്ട പുട്ട്, മുള പുട്ട്, കുറ്റി പുട്ട്, മൈക്രോവേവ് പുട്ട് തുടങ്ങിയ പുട്ടുകളത്രയും സ്വന്തം പിന്‍ തലമുറക്കാരെ കുറിച്ചു അന്വേഷിച്ചാല്‍ എത്തി ചേരുന്നത് ഒരാളില്‍ തന്നെ. സാക്ഷാല്‍ ആദം പുട്ടില്‍. ദൈവം ആകാശവും ഭൂമിയും പിന്നെ ടൈം പാസ്സിനു മനുഷ്യനേയും ഉണ്ടാക്കി റെസ്റ്റ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് പുട്ടുണ്ടാക്കാന്‍ തോന്നിയത്. പെട്ടന്ന് ഉണ്ടാക്കിയതു കൊണ്ട് ഉപ്പു കുറയുകയും, കൂട്ടി കഴിക്കാന്‍ ഒന്നുമില്ലാത്തതിനാലും, അദ്ദേഹം അതിനെ താഴോട്ട് “പുട്ട്” ചെയ്തു. (പുട്ടിനു, പുട്ടെന്ന പേരു വന്നതിനെ കുറിച്ചു ആര്‍ക്കും ഇനി സംശയം ഇല്ല എന്ന് വിശ്വസിക്കുന്നു). അങ്ങിനെ ഭൂമിയില്‍ വന്നു പതിച്ച പുട്ടിനെ വെട്ടിയ ആദവും ഹവ്വയും പുട്ടു പ്രേമികളായി (തെക്കന്‍ കേരളത്തില്‍, ഹവ്വ ആദത്തിനു കൊടുത്തത് ആപ്പിളല്ല പുട്ടാണ് എന്നും ഒരു വശമുണ്ട്). അവര്‍ തങ്ങളുടെ പ്രിയ മക്കളായ മലയാളികള്‍ക്ക് എന്നും കാലത്ത് കഴിക്കാനായി നല്‍കിയതോടെയാണ് പുട്ട് ഒരു ദേശിയ ഭക്ഷണമായി മാറിയത്.

ആദ്യ കാലങ്ങളില്‍ അരി പൊടിയില്‍ തേങ്ങ ചേര്‍ത്ത് ചിരട്ടക്ക് അകത്തു വച്ച് ആവി കയറ്റിയാണ് ഇതു ഉണ്ടാക്കിയിരുന്നത്ത് എന്ന് ചില ഗുഹാചിത്രങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. മിക്കാവറും ഗുഹകളും അപ്പാര്‍ട്ട്മെന്റ്സായി മാറിയതിനാല്‍ ഇനി ഈ വക ചിത്രങ്ങള്‍ കാണാന്‍ വിഷമമാണ്. പിന്നീട് 1620-ലെ കാറ്റുവീഴ്ചയില്‍ വന്‍ തോതില്‍ തെങ്ങു നാശം വന്നതിനു ശേഷമാണ് നാം ഇന്നു കാണുന്ന കുറ്റി പുട്ടുകള്‍ ഉണ്ടായത്. ആദ്യം മുളംകുറ്റിയിലും, പിന്നെ ചെമ്പു കുറ്റിയിലും, ഇപ്പൊള്‍ സ്റ്റെയിന്‍ലസ്സ് സ്റ്റീല്‍ കുറ്റിയിലും എത്തി നില്‍ക്കുന്ന പുട്ടിന്റെ വളര്‍ച്ച അസൂയ വഹമാണ്. എന്നാലും അതിന്റെ പൊങ്ങച്ചം ഇല്ലാട്ടൊ.

ഇത്രയും വലിയ ചരിത്രമുള്ള പുട്ട് പല പല രൂപത്തിലും കാണപ്പെടുന്നു. പ്ലയിന്‍ തേങ്ങാ പുട്ട്, ചക്കര പുട്ട്, പഞ്ചാര പുട്ട്, മസാല പുട്ട്, ഇന്നലത്തെ പുട്ട് തുടങ്ങി “ലൊ-കാര്‍ബ്” പുട്ടു വരെ ഇന്ന് സുലഭം. ഈ വക പുട്ടുകള്‍ കഴിക്കാനുള്ള ടെക്കനോളജിയും പലവിധം. പുട്ടും പഴവും, അതിന്റെ കൂടെ പപ്പടവും, അതിന്റെ കൂടെ പാലും കൂട്ടിയുള്ള ഒരു വിധം. പുട്ടും കടലയും, പുട്ടും കുറുമയും, പുട്ടും മുട്ട കറിയും, പുട്ടും ചില്ലി ചിക്കണും, തുടങ്ങി പുട്ടും പെപ്സിയും കൂട്ടി വരെ കഴിക്കുന്ന മഹാന്മാര്‍ ഏറെ. എന്തിനധികം, ഉഗാണ്ടന്‍ പ്രസിഡന്റായിരുന്ന ഇദി ആമിന്‍ തന്റെ ആത്മകഥയില്‍ പോലും പുട്ടിനു വേണ്ടി 4 പേജ് മാറ്റി വച്ചിട്ടുണ്ട്. വടക്കന്‍ ചൈനയില്‍ കിട്ടുന്ന വാന്റണ്‍ എന്ന സുന, പുട്ടിന്റെ വേറെ രൂപമാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമൊ? പാരിസിലെ പ്രശസ്തമായ “ലെ അപ്പിറ്റേസ‍“-യില്‍ ഏറ്റവും ഡിമാന്റുള്ള സാധനവും പുട്ടു തന്നെ.

ഇത്രയും പ്രശസ്തിയും, കഴിവും, ടേസ്റ്റും ഉള്ള പുട്ടിനെ നമ്മുടെ ഇന്ത്യയുടെ തന്നെ ദേശീയ ഭക്ഷണം ആക്കാന്‍ നാമെല്ലാവരും ശ്രമിക്കണം. കണ്ണി കണ്ട അമേരിക്കന്‍ കുത്തകകള്‍ ദുര്‍ വിനയോഗം ചെയ്യുന്നതിനു തടയിടാനായി നമ്മുടെ സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ജ്യോഗ്രഫിക്കല്‍ പാറ്റെന്റിനു അപേക്ഷ കൊടുക്കണം. അല്ലെങ്കില്‍ ഇതും മറ്റൊരു ബസുമതി (അയലത്തെ അല്ല)യുടെ അവസ്ഥയാകും. അഖില ലോക മലയാളികളെ നമുക്ക് പുട്ടിനു പിന്നില്‍ അണി നിരക്കാം....ഇങ്ക്വിലാബ് സിന്ദാബാദ്!

11 comments:

Malini said...

erachi puttinte kaaryam parayathirunnathu kashttayi...
enthayalum kurachu divasayittulla visappilayma poyi....ippo visannittu vayya....ini orukutti puttadichale enthengilum aaku...pinne fish moli puttinte nalloro combination aanu...

ശല്യക്കാരന്‍ said...

കുറ്റുമുക്ക്കാരാ

ഒരു തിരൂകാരന്റെ ‘പുട്ട് സലാം’

നമ്മള്‍ അയല്‍വാസികളാണിഷ്ടാ

തറവാടി said...

രാജേഷേ ,

പുട്ട് മാഹാത്മ്യം രസിച്ചു പക്സ്ര് , തൃശ്ശൂര് എഞ്ചിനീയറിങ്ങ് കോളേജ് ഹോസ്റ്റലിലെ , കുറ്റിയൊന്നുംില്ലാതെ പകുതി വേവില് ആവികേറ്റി ഉണ്ടക്കിയിരുന്ന ' പിട്ട്' എന്ന് പുട്ടുപൊടിയെക്കുറിച്ചൊന്നും പറയാത്തതില് ശക്തമായി പ്രതിഷേധിക്കുന്നു :)

തറവാടി said...

പ്രക്സല്ല പക്ഷെ :)

മൂര്‍ത്തി said...

പുട്ടിന്റെ ഏറ്റവും വലിയ ഗുണം ഏത് കറിയും അതിനു കോമ്പിനേഷന്‍ ആണെന്നുള്ളതാണ്.

ആവിയില്‍ വെന്തവനേ പുട്ടേ
രാവിലെ നീ ശരണം

എന്ന പ്രശസ്തമായ പ്രാര്‍ത്ഥനാഗാനം കേട്ടിട്ടില്ലേ?

തട്ടുക്കടയില പുട്ടിരുക്കുത്
പുട്ടടിക്ക തുട്ടുവേണം എന്നത് ഒരു തമിഴ് സിനിമാഗാനം..

:)

puTTuNNi said...

"എന്റെ പുട്ടിലെ കടലയാണ് നീ നല്ല ബ്ലോഗ്ഗുകാരാ
ബ്ലോഗ്ഗില്‍ കേറി താന്‍ എഴുതിവച്ചോരീ പുട്ട് ബ്ലോഗ്ഗിലൂറും മാധുര്യമൊന്നു വേറെ"

കൊള്ളാം മാഷേ.

ശ്രീവല്ലഭന്‍ said...

പുട്ടും മുട്ടക്കറിയും വളരെ നല്ലതാണ്. ഇരിക്കട്ടെ എന്‍റെ വഹ ഒരു പുട്ട് സലാം!

ശ്രീ said...

പുട്ടു മഹാത്മ്യം കൊള്ളാം.
:)

Rajesh Shenoy said...

സിറ്റി ഓഫ് കുറ്റുമുക്കും തിരൂരും തമ്മില്ലുള്ള ബന്ധം പണ്ട് ചൈനീസ് വ്യാപാരികള്‍ ഇവിടെ വരുന്നതിനു മുമ്പേ ഉള്ളതാണല്ലൊ. വണക്കം അയല്‍‌വാസി.

അലിയു: തൃശ്ശൂര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ കഴിക്കാന്‍ കിട്ടിയിരുന്ന വസ്തുക്കള്‍ ബ്ലോഗിലെഴുതിയാല്‍ നാട്ടുകാരോടും.

എല്ലാ പുട്ടു പ്രേമികള്‍ക്കും എന്റെ സലാം.

Shyla said...

Puttu podiyude koode samam carrot grind (with water) cheythathum koodi ittu mix cheythu cook cheythaal valare tasty aanu. Vegetables kazhiykkatha kuttikale pattikkukayum cheyyam :)

Rajesh Shenoy said...

Shyla, Thanks a lot for the tip.