Monday, February 11, 2008

ചക്ക വീണാല്‍....

തൃശ്ശൂര്‍ പൂരത്തിന് അമിട്ട് മോളില്‍ വിടുന്നതു ദൈവം. താഴേക്ക് വരുത്തുന്നതും പുള്ളി തന്നെ. അതു പോലെ ചക്ക പ്ലാവില്‍ തന്നെ കായ്ക്കണം എന്ന് തീരുമാനിച്ചതും അദ്ദേഹം തന്നെ. ആ നിലയ്ക്ക് നോക്കിയാല്‍ വെട്ടി താഴോട്ടിടുന്നതും ദൈവം തന്നെ ആയിരിക്കില്ലേ? അപ്പൊ ആ ചക്ക തല്ലയില്‍ വീണാ പിന്നെ ആരെ കുറ്റം പറയാന്‍ പറ്റും?

കാലന്‍ ദിവാകരനും, മൂത്ത തിരുമേനിയും ആത്മാര്‍ത്ഥ സുഹ്രത്തുക്കള്‍. ചക്കരയും തേങ്ങയും പോലെ. തിരുമേനിയാണെങ്കിലും ആളു തരികിട. ഉച്ചക്കു തുടങ്ങുന്ന കള്ളു കുടി. ചീട്ടു കളി. ആരോഗ്യം അനുവദിക്കാത്തതിനാല്‍ അടിപിടിക്കു പോകാറില്ല. ഇതിനെല്ലാം ഇടക്ക് ക്ഷേത്രത്തില്‍ പൂജയും. ഒരിക്കല്‍ അടിച്ചു പിസ്റ്റായി അമ്പലത്തില്‍ കയറിയതിന് നാട്ടുകാരു പൊട്ടിച്ച ശേഷം, അമ്പലത്തിലെ പൂജ കഴിഞ്ഞ് ഇറങ്ങിയ ശേഷമേ ഇപ്പൊ കുടിയുള്ളു‍. ഓണം കേറാമൂലയിലുള്ള ആ അമ്പലത്തില്‍ പൂജ ചെയ്യാന്‍ വേറെ ആരേയും കിട്ടാത്തതിനാല്‍ ജനം അങ്ങേരെ സഹിച്ചു കൊണ്ടിരുന്നു.

സംഭവം നടക്കുന്നത് ഒരു ഞായറാഴ്ചയാണ്. ഗിരിജയില്‍ ആ ആഴച്ചയിറങ്ങിയ പീസ്സു പടം “ബാക്ക് ടു ബാക്ക്” രണ്ടു വട്ടം കണ്ട് ഏകദേശം രാവിലെ 1 മണിയോടെ രണ്ടു പേരും കൂടി ഒരു സൈക്കിളില്‍ വീയൂര്‍ സെന്ററല്‍ ജയിലിന്റെ അടുത്തുകൂടെ വച്ചു പിടിപ്പിച് വരുന്ന വഴി. ജയിലില്‍ കിടക്കുന്ന എല്ലാവന്മാരേയും തെറി വിളിച്ചു അങ്ങിനെ പതുക്കെ വരുമ്പോഴാണ് കാലന്റെ കണ്ണില്‍ ആ കാഴ്ച്ച വന്നു പെട്ടത്. നല്ല മുഴുത്ത ഒരു ചക്ക. അമ്പലം വിഴുങ്ങി മേനോന്റെ പറമ്പിലാണ്. പട്ടിയുണ്ട് എന്ന് ഗേറ്റില്‍ വെണ്ടക്ക അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. സൈക്കിള്‍ അടുത്തുള്ള കലുങ്കില്‍ ചാരി നിറുത്തി ഒരു കഞ്ജാവു ബീടിക്കു തീ കൊളുത്തി ചിന്തയില്‍ മുഴുകി. പ്രോബ്ലംസ് രണ്ടെണ്ണം. പട്ടിയെ എങ്ങിനെ ഒതുക്കും? ശബ്ദമുണ്ടാക്കാതെ ചക്ക എങ്ങിനെ കടത്തും? അങ്ങിനെ ഗഹന ചിന്തയില്‍ നില്‍ക്കെ തിരുമേനിക്കാണ് ദിവ്യ ദൃഷ്ടി വന്നത്.

“ടാ, അവറാന്റെ ഇറച്ചി കടയുടെ പൊറകെ പൊയാ ഇന്ന് എല്ല് കിട്ടും. ഞായറാഴ്ച വെട്ടിന്റെ ഭാക്കി തിങ്കളാഴ്ചയെ മറ്റൂ. അതെടുത്ത് കൊടുത്താ ആ പട്ടിനെ സൈടാക്കാം. പിന്നെ സുഖല്ലേ?’

“ശൊ, നിന്റെ ഒരു ബുദ്ധി...സമ്മതിച്ചു. എന്നാ പിന്നെ സമയം കളയണ്ട.”

രണ്ടു സൈക്കിളെടുത്ത് ഇറച്ചി കടയിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ശബ്ദമുണ്ടാക്കാതെ ചക്കയെടുക്കാനുള്ള ബുദ്ധി വന്നത് കാലനു. കഞ്ജാവിന്റെ ഒരു കഴിവേ! “തിരുമേനി, നമുക്കൊരു കയറൊപ്പിക്കാന്‍ പറ്റോ?”

“അതെന്തിനാടാ ശവി നിനക്കു കയറ്?” തിരുമേനി ഞെട്ടി. ചക്ക കണ്ടിട്ടിതു വരെ ആര്‍ക്കും തുങ്ങി ചാവാന്‍ തോന്നിയതായി പുള്ളിയും കേട്ടിട്ടില്ല.

“ചക്ക, കയറു കെട്ടിയെറക്കിയാ ശബ്ദം ഒണ്ടാവൊ? ബുദ്ധി വേണം”

അവന്‍ പറഞ്ഞതിലും സത്യമുണ്ട് എന്ന് തിരുമേനിക്ക് തോന്നി. മണ്ടനാണെങ്കിലും തന്റെ കൂടെ നടന്ന് കാലനും ബുദ്ധി വക്കുന്നതില്‍ ഒരു അഭിമാനം തോന്നാതെയും ഇരുന്നില്ല. “അതിനു പാടില്ല. മേനോന്റെ കെണറ്റിന്‍ കരയിലുണ്ടാകും. നല്ല ആഴമുള്ള കെണറാണ്.”

ഇറച്ചി കടയുടെ പുറകില്‍ തപ്പിയപ്പൊ രണ്ടു വലിയ എല്ലു കിട്ടി. കുറച്ച് മണ്ണു തട്ടിയ ബോട്ടിയും. എല്ലാം കൂടി ഒരു ഇലയില്‍ പൊതിഞ്ഞ് തിരിച്ച് പോയി മേനോന്റെ വീടിന്റെ പുറകു വശത്തെ മതിലു ചാടി. ഇരുട്ടത് കുറച്ചു നേരം കാത്തു നിന്നപോഴാണ് ശുനകന്റെ വരവു. മുന്നിലെഴുതി പിടിപ്പിച്ച ബോര്‍ഡിന്റെ സൈസ്സു പോലുമില്ലാത്ത ഒരു നാടന്‍ ശുനകന്‍. ഇറച്ചിയുടെ മണം കിട്ടിയപ്പോഴേക്കും അവന്റെ വാല് പറിഞ്ഞു പോകും വിധം ആട്ടി തുടങ്ങി. “ആര്‍ത്തി പണ്ടാരം” എന്ന് രണ്ടു പേരും മനസ്സില്‍ കരുതുകയും ചെയ്തു. ഉള്ള എല്ലും, ഇറച്ചിയും അവിടെ വച്ചിട്ട് രണ്ടു പേരും കിണറ്റിന്‍ കരയിലേക്കു നടന്നു. അവിടെ കിടന്ന കയറൂരി നേരെ പ്ലാവിന്റെ മൂട്ടിലെത്തി. ഇത്രയും ആയപ്പൊ ക്ഷീണം മാറ്റാന്‍ ഒരു ബീഡി കത്തിച്ച് ആത്മാവിനു പുക കൊടുത്തു.

റോട്ടിലെ ട്ട്യൂബിന്റെ വെളിച്ചത്തില്‍ മൂന്നു നാലാള്‍ ഉയരത്തില്‍ ചക്ക കാണാം.

“അപ്പൊ നീ ഇനി എന്താ ചെയ്യാന്‍ പോണെ?” കാലനോടാണ്.

“ഞാന്‍ പ്ലാവി കേറി കൊമ്പിന്റെ മോളില്‍ കൂടെ കയറു വലിക്കും. എന്നിട്ട് അതിന്ററ്റം ചക്കേമെ ക്കെട്ടും. നീ മുറുക്കെ വലിച്ചു പിടിക്കണം. അല്ലെങ്കി വെട്ടുമ്പൊ താഴെ വീഴും. ഞാന്‍ പറയുമ്പൊ പതുക്കെ പതുക്കെ വിട്ടു കൊടുത്താ മതി.” കാലന്‍ ഫുള്‍ ആക്ഷണോടെ പറഞ്ഞു കൊടുത്തു. തന്നേകാള്‍ വലിയ ചക്ക എങ്ങിനെ ഒറ്റക്കു താങ്ങും എന്ന സംശയം കഞ്ജാവിന്റെ ബലത്തില്‍ തിരുമേനിക്കും വന്നില്ല. സൈക്കിളിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വച്ചിരുന്ന പേനാ കത്തിയെടുത്ത് തിരുമേനിയേ കാണിച്ചു. അമ്പട ഭയങ്കരാ, എന്ന് തിരുമേനി വിചാരിച്ചെങ്കിലും പുറമേ കാട്ടിയില്ല.

കയറിന്റെ ഒരറ്റം കാലന്‍ തന്റെ അരയില്‍ കെട്ടി മുകളിലേക്ക് വലിഞ്ഞു കയറി. മിടുക്കനാണ്, പറയാതിരിക്കന്‍ പറ്റില്ല. ഇതിനിടെ പട്ടി എല്ലും കടിച്ചു പിടിച്ചു തിരുമേനിയുടെ അടുതെത്തി. കയറിന്റെ കാര്യം മറന്നു കുറച്ച് നേരം അതിനെ താലോലിച്ചു കൊണ്ടിരുന്നപ്പോഴാണ് മുകള്ളില്‍ നിന്നും കാലന്റെ വിസ്സിലടി കേട്ടത്.

“തിരുമേനി കയറു വലിച്ചു പിടി. വിട്ടാ താഴെ വീഴും”

തന്റെ ഉള്ള ആരോഗ്യം എടുത്ത് തിരുമേനി വലിച്ചു പിടിച്ചു. “മൊറക്കെ പിടിച്ചൊ...ഞാന്‍ ദാ വെട്ടണൂ.”

സിനിമയിലെ സസ്പെന്‍സ് രംഗം പോലെ ഒരു നിമിഷം സ്ലൊ മോഷണില്‍ പോയി. ആ ചക്ക തന്റെ നേരെ അതേ സ്ലോ മോഷണില്‍ വരുന്നതാണ് തിരുമേനി അവസാനമായി കണ്ടതു. രണ്ടു ദിവസം കഴിഞ്ഞ് ബോധം വന്നപ്പോ ഹോസ്പിറ്റലിലായിരുന്നു. ചക്ക മുഖത്തു വീണ് ഷേപ്പു മാറിയ രൂപത്തില്‍.

അവസാന സീന്‍ ഒരു റീ-വൈന്റടിച്ചാല്‍ നമുക്കു കാണാവുന്ന സീന്‍ ഇതാണ്: കാലന്‍ പ്ലാവില്‍ പറഞ്ഞ പോലെ തന്നെ കയറി. പറഞ്ഞ പൊലെ തന്നെ കയറെടുത്ത് ചക്ക മേലും കെട്ടി. ഒരു സംഗതി മാത്രം വിട്ടു. കൊമ്പിന്റെ മോളില്‍ കൂടി കയറ് ഇടണം എന്ന കാര്യം.

ബാക്കി പത്രം: ചക്ക വീണ ശബ്ദം കേട്ട് നാട്ടുകാരോടി കൂടി. കാലനെ പിടിച്ച് പോലിസിലേല്പിച്ചു. മോന്തയുടെ ഷേപ്പ് മാറിയതു കൊണ്ടും, ചത്തു പോയാ കേസാകും എന്ന് പേടി കാരണവും മേനോന്‍, തിരുമേനിയെ കേസ്സില്‍ നിന്നും ഒഴിവാകി. സൈക്കിള്‍ അപകടമാക്കി സര്‍ക്കരാശുപത്രിയിലാക്കി. ആ സമയങ്ങളില്‍ കുറച്ചു ലോക്കപ്പ് മരണങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ സ്റ്റേഷണില്‍ എത്തിയ പാടെ ന്യൂസ് പേപ്പറെടുത്തു കൊടുത്തു. വായിച്ചു ബുദ്ധി വികസിപ്പിക്കാനല്ല. ഉടുതുണി അഴിച്ചു നിക്കുമ്പൊ ചുറ്റി പിടിക്കാന്‍. രണ്ട് ദിവസം പോലിസിന്റെ ഇടിയും, ന്യൂസു വായനയും കഴിഞ്ഞപ്പോ അവരു തന്നെ പറഞ്ഞു വിട്ടു. അതിനു ശേഷം കാലന്‍ ദിവാകരന്‍, ചക്ക ദിവാകരനായി. ഇന്നും തിരുമേനിയുടെ മുഖത്തു നോക്കിയാല്‍ ചക്കയുടെ അളവറിയാം.

3 comments:

sivakumar ശിവകുമാര്‍ said...

nice joke...thank you...

പ്രയാസി said...

ഹ.ഹ മ്വാനെ...

കലക്കി..

ഒരു സംശയം !

കയറുമായി ചക്കേടെ നേരെ താഴെത്തന്നെ നില്‍ക്കണമായിരുന്നൊ!?

പിന്നെ സ്ലോ മോഷന്‍.. പിടിവിട്ടു വരുന്ന ചക്ക സ്ലോ മോഷനില്‍ വരികയൊ..!?

അസംഭവ്യം..;)

puTTuNNi said...

മാഷേ.. അടിപൊളി..
തലയുടെ ഷേപ്പ് ഊഹിക്കാന്‍ പറ്റുന്നുണ്ട്