Wednesday, January 16, 2008

ഇനാംപീച്ചി

കഴിഞ്ഞ തവണ ഹാപ്പിയേ കുറിച്ച് ബ്ലോഗില്‍ അപവാദം എഴുതി പിടിപ്പിച്ചു എന്ന പാര ബാംഗ്ലൂരില്‍ നിന്നും, മുംബയിലേക്കും, അവിടെ നിന്ന് മസാല ചേര്‍ത്ത് “റെടി ട്ടു ഈറ്റ്” പരുവത്തില്‍ ദുബായിലേക്കും എത്തുക ഉണ്ടായി. അവന്റെ തിരിച്ചുള്ള പര്‍സല്‍ ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കാം. അതിനാല്‍ മുന്‍കൂറായി ഒരു കരുണാനിധി സ്റ്റയില്‍ കൂളിങ് ഗ്ലാസ് വാങ്ങിയിട്ടുണ്ട്. കണ്ടാലും തിരിച്ചറിയില്ലല്ലൊ. ബ്ലോഗെഴുത്തിന് ഈ വക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം. സോപ്പ് നാട്ടുകാരിട്ടോളും.

കഴിഞ്ഞ ബ്ലോഗില്‍ (62 ഏക്കറില്‍) ഫാസ്റ്റ് ഫുഡ് ഗാങ്ങിനെ കുറിച്ചു എഴുതിയിരുന്നു. അതിലെ ഓരൊ കഥാപാത്രങ്ങളും കാണിച്ചു കൂട്ടിയ കോപ്രാട്ടികള്‍ കോര്‍ത്തിണക്കിയാല്‍ ഒന്നു രണ്ടു ഹിറ്റു സിനിമക്കുള്ള വകയുണ്ട്. ഈ വകയില്‍, ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്നാണ് താഴെ എഴുതിയിരിക്കുന്നത്.

പതിവു പോലെ 6 മണിയോടെ കഥാപാത്രങ്ങള്‍ എത്തി കൊണ്ടിരിക്കുന്ന സമയം. അജോയ്, ടോപ്, രാജീവ്, തുടങ്ങിയര്‍ എത്തിയിട്ടുണ്ട്. അപ്പോഴാണ് ഞങ്ങളുടെ പതിവു സ്ഥലത്ത് ഒരു ഈനാംപീച്ചി പോലെ ഒരു കഥാപാത്രം നില്‍ക്കുന്നത്. കുട്ടപ്പന്‍ പാന്റും, തിളങ്ങുന്ന ഷൂസും (അന്നു കാലത്ത് പാരഗ്ഗണ്‍ ചപ്പലാണ് ഞങ്ങളില്‍ മിക്കവരുടേയും കാലില്‍), ഫുള്‍ കൈ ഷര്‍ട്ടും (ഞാന്‍ ആദ്യമായി ഫുള്‍ കൈ, ബട്ടണോടെ ഇടുന്നത് സംഭവം നടന്ന് ഒരു ആറു വര്‍ഷങ്ങള്‍ക്കു ശേഷമാകും), കഴുത്തിലൊരു കോണാനും. ഇതൊന്നും പോരാണ്ട് ഒരു കൂളിങ് ഗ്ലാസ്സും, ഫില്‍റ്റര്‍ സിഗററ്റും(വെള്ള കാജയില്‍ കൂടിയ സാധനം അന്ന് ലക്ഷ്വറി). ഒരു മൈന്റുമില്ലാതെ നീട്ടി വലിച്ച് പുക വിട്ടു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സ്ഥലത്തു വന്ന്, ഒരു പുഛത്തില്‍ ഞങ്ങളെ നോക്കുന്ന ഈ തെണ്ടി ആരാണ്, എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് മൂലക്ക് ചാരി നിര്‍ത്തിയിരിക്കുന്ന യമഹ ബൈക്ക് കണ്ണില്‍ പെട്ടത്ത്. അതിന്റെ മുകളില്‍ ഒരു വാക്വം ക്ലീനര്‍. കാര്യം പിടി കിട്ടി. അക്വാ-ഗാര്‍ടിന്റെ സെയിത്സ് റെപ്പാണ്. ആ തെണ്ടിയാണ്, ഞങ്ങള്‍, ഭാവി എന്‍ജിനിയേഷസിനെ, “പുഛ്ഞ്ഞത്തില്‍“ നോക്കുന്നത്.

പിന്നെ പതുക്കെ ടോപ്പ് തുടങ്ങി. “വീട്ടിലിപ്പൊ മമ്മായ്ക്ക് വാക്വം ക്ലീനറില്ലാതെ ഒന്നും നടക്കുന്നില്ല. ഇതു പോലെ ഒരു യന്ത്രം ഞാന്‍ കണ്ടിട്ടു പോലുമില്ല.”

അജോയും വിടാനുള്ള ഭാവമില്ല.” അതെ. ശരിക്കും. ഇപ്പൊ വിശ്വസിക്കാനെ പറ്റണില്ല, ഒരു കൊല്ലം മുമ്പ് എന്റെ വീട്ടില്‍ എങ്ങനെയാണ് ക്ലീനിങ്ങ് നടന്നിരുന്നത് എന്ന്”

ഇത്രയും കേട്ടപ്പൊ ഈനാംപീച്ചിയുടെ ചെവി തിരിഞ്ഞു. ഒന്നു രണ്ടടി പൊങ്ങുകയും ചെയ്തു. ഈ പറഞ്ഞിതിന്റെ കൂട്ടത്തില്‍ എന്തെങ്കിലും ചേര്‍ക്കണം എന്ന് ആ മുഖത്ത് വരുകയും ചെയ്ത്തു.

ടോപ്പ് തുടര്‍ന്നു. “ ഇത് വന്നതി പിന്നെ എന്റെ വിട്ടില്‍ കൊതുകേ ഇല്ല.” എല്ലാവരും ടോപ്പിനെ സൂക്ഷിച്ചു നോക്കി. ഇദേഹത്തിന്റെ ശരിക്കുമുള്ള പേരു ജോര്‍ജ്ജ്. മറ്റുള്ളവരെ ടോപ്പിലേക്കാക്കി താഴെ ഇടുന്നതാണ് ചേട്ടന്റെ സ്ഥിരം പരിപാടി. ടോപ്പിലാക്കുമ്പൊ എല്ലാവരും സുഖിച്ച് പോകും. വീഴ്ച്ച...ഹൂ. ടോപ്പിന്റെ മുഖത്താണെങ്കില്‍ യാതൊരു ഭാവ വ്യത്യാസമില്ല. ആളെ ടോപ്പിലാക്കുകയാണൊ എന്ന് മനസിലാകുന്നുമില്ല. ടോപ്പിന്റെ സ്വഭാവമറിയാത്തതിനാല്‍ ഈനാംപീച്ചിക്ക് സുഖിച്ചു. ഒപ്പം അത്ഭുതവും. കൊതുകു ശല്യം വാക്വം ക്ലീനറു വെച്ച് തീര്‍ക്കാം എന്നതു പുതിയ വാര്‍ത്ത. അടുത്ത ഇര കിട്ടുമ്പൊ എടുത്ത് കാച്ചാല്ലോ!

“അതെങ്ങിനെ? “ അത്ഭുതത്തോടെ രാജീവാണ്.

“ഓ. സിമ്പിള്‍. അതിന്റെ അറ്റം എടുത്ത് ഞങ്ങള്‍ കൊതുകിനെ തല്ലി കൊല്ലും”

കാറ്റു പോയ ബലൂണ്‍ പോലെ ഈനാംപീച്ചി ചുരുങ്ങി.

“ഇതു വച്ച് മീനും പിടിക്കാം” ടോപ്പിനു നിര്‍ത്താനുള്ള ഭാവമില്ല.

“ഇതിന്റെ അറ്റത്ത് നൂലു കെട്ടി ഇരയിട്ടാണൊ?”

ഇനാംപീച്ചിയുടെ മുഖം വിളറി വെളുത്തു (ആദ്യം കണ്ടപ്പൊ രജനികാന്തിന്റെ നിറമായിരുന്നു.). വായയും പൊളിച്ച് അടുത്ത അമിട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ മുഖം 10-14 വര്‍ഷം കഴിഞ്ഞ് ഇന്നും മനസ്സിലുണ്ട്.

ടോപ്പ് തുടര്‍ന്നു: “ഛായ്, മണ്ടത്തരം പറയല്ലെ.” മൊത്തം ഒരു സസ്പെന്‍സ് വരുത്തി ഒളി കണ്ണിട്ട് ഇനാംപീച്ചിയെ നോക്കി. “ആ ഹോസ്സിന്റെ അറ്റം വെള്ളത്തി മുക്കി ഓണാക്കിയാ മതി. വലിച്ചെടുത്തോളും”

ഇനാംപീച്ചി ഏതു വഴിക്ക് മുങ്ങി എന്നത് ഇന്നും പിടികിട്ടാത്ത സമസ്യയാണ്.

No comments: