Wednesday, July 2, 2008

മലയാലം കൊരച്ച് കൊരച്ച് അരിയാം.

പണ്ട് കോളേജില്‍ പഠിക്കുമ്പൊ ആരെങ്കിലും ഇങ്ക്ലീഷില്‍ ഒരു വാക്കെങ്ങാനും പറഞ്ഞാല്‍, പിന്നെ അവന്റെ അപ്പനേയും, അപ്പൂപ്പനേയും തുടങ്ങി പന്ത്രണ്ടാം നൂറ്റാണ്ടിലെ അവന്റെ മുത്തച്ഛനെ വരെ തെറി അഭിഷേകം നടത്തി കുളിപ്പിച്ച് കിടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് അന്ത കാലം. സുവര്‍ണ്ണ കാലം. ഇപ്പൊ മലയാളം ചാനലില്‍ വരുന്ന ഒരോരുത്തരുടെ മലയാളം കേട്ടാ ടി.വി കണ്ടു പിടിച്ചവന്റെ അപ്പനിട്ട് രണ്ടു പൊട്ടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇതൊക്കെ ഇപ്പൊ എന്തിനാ വെളമ്പുന്നത് എന്ന് ചോദിച്ചാല്‍, അതിനുള്ള കാരണം ഇന്നലത്തെ കര്‍ണ്ണാടക ഹൈ കോടതി ഉത്തരവു തന്നെ.

കുറച്ചു കാലമായി ഇന്ത്യാ മഹാരാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങള്‍ക്കും ഒണ്ടായിട്ടുള്ള ഒരു അസുഖമാണ്, വിദ്ധ്യാഭ്യാസ മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത്. മാതൃഭാഷ നന്നായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ രണ്ടു തരമില്ല. മാതൃഭാഷയില്‍ എഴുതാനും, വായിക്കാനും, സംസാരിക്കാനും എല്ലാവര്‍ക്കും കഴിയണം എന്നുമുള്ള കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഈ കഴിവു കിട്ടുന്നതിന് പഠിക്കുന്ന മാധ്യമം മാതൃഭാഷയില്‍ തന്നെ വേണം എന്നുള്ളത് വിഡിത്തമാണു എന്നുള്ളതാണു ഈയുള്ളവന്റെ പക്ഷം. അതിനൊരു നല്ല തെളിവാണു ഞാന്‍. ചെറുപ്പം മുതല്‍ പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തില്‍. എസ്.എസ്.എല്‍.സി വരെ എല്ലാ വര്‍ഷവും രണ്ട് മലയാളം പേപ്പറു വച്ച് പഠിക്കുകയും, എഴുതുകയും, പാസ്സാവുകയും ചെയ്തിട്ടുണ്ട്. കോളേജ് കഴിഞ്ഞ് കേരളം വിടുന്ന വരെ ഇംഗ്ലീഷില്‍ രണ്ടു വരി ആരോടെങ്കിലും പറയണമെങ്കില്‍ വിയര്‍ക്കുമായിരുന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയത്തിലാണെങ്കിലും. ഈ കഥ എന്റെ സ്കൂളില്‍ പഠിച്ച 99% പേരുടേയും കാര്യത്തിലും ബാധകമായിരിക്കും. (ചാലക്കുടി കാര്‍മ്മല്‍ സ്കൂള്‍). എല്ലാം കഴിഞ്ഞു കോളേജിലെത്തിയപ്പൊ, ഒട്ടു മിക്ക സഹപാഠികളും ഇതേപോലെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച്, ഇംഗ്ലീഷു സംസാരിക്കാന്‍ കഷ്ടപെടുന്ന കൂട്ടത്തില്‍ തന്നെ ആയിരുന്നു. എന്നാല്‍ മലയാളത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ക്കു പോലും പറ്റാത്ത അത്ര കടുപ്പമാര്‍ന്ന കവിതകള്‍ എഴുതുന്ന കൂട്ടത്തിലായിരുന്നു. ആ കവിതകള്‍ കേട്ട് മോഹാലസ്യപെട്ട് വീഴുന്നവരെ നോക്കാന്‍ മാത്രമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരു വാര്‍ഡുണ്ടായിരുന്നത്രെ.

എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ തന്നെ പഠിക്കണം എന്ന് പറയുന്നതിന് എന്താണ് ലോജിക്ക്? അത് പഠിക്കാന്‍ പോകുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിടുന്നതല്ലെ നല്ലതു? അല്ലാതെ രാഷ്ട്രീയകാരാണൊ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഒരു സ്വാതന്ത്ര്യമല്ലേ അത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ അവര്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ഇവിടെ കുഴപ്പമില്ല. കാശില്ലാത്തവരുടെ കുട്ടികള്‍ മാതൃഭാഷാ മീഡിയത്തില്‍ തന്നെ പഠിക്കണം (വാദം മുഴുവനും സര്‍ക്കര്‍ സ്കൂളുകളേയും ഏയ്ഡഡ് സ്കൂളുകളേയും ചുറ്റിപറ്റിയാണു എന്ന് ഓര്‍ക്കുക) എന്നു പറയുന്നതു ഹിപ്പോക്രസ്സിയാണ്. ഈ ഹിപ്പോക്രസ്സിക്കെതിരായാണ് ഇന്നലെ ഹൈ-കോടതി ഉത്തരവ്. അടുത്ത രണ്ടു മാസം രാഷ്ട്രീയകാര്‍ക്ക് പറഞ്ഞു നടക്കാന്‍ കാരണമായി.

കമ്മിങ്ങ് ബാക്ക് ടു ദ പോയന്റ്...ഔ...ക്ഷമി. മാ‍തൃഭാഷ സംസാരിക്കാനും, വായിക്കാനും, എഴുതാനും മാത്രമായി ആ മീഡിയത്തില്‍ പഠിക്കണമെന്നില്ല. അതിനു വേണ്ടത് ഒരേ ഒരു വസ്തു മാത്രം: മനസ്സ്.

(പിന്നാമ്പുറം: ഈയുള്ളവന്റെ മാതൃഭാഷ മലയാളമല്ല.)

4 comments:

മായാവി.. said...

എല്ലാ ക്ലാസ്സിലും മാതൃഭാഷ പഠിക്കണം എന്നു പറയുന്നത് മനസ്സിലാക്കാം. പക്ഷെ എല്ലാ വിഷയങ്ങളും മാതൃഭാഷയില്‍ തന്നെ പഠിക്കണം എന്ന് പറയുന്നതിന് എന്താണ് ലോജിക്ക്? അത് പഠിക്കാന്‍ പോകുന്ന കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വിടുന്നതല്ലെ നല്ലതു? അല്ലാതെ രാഷ്ട്രീയകാരാണൊ തീരുമാനിക്കേണ്ടത്? ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള ഒരു സ്വാതന്ത്ര്യമല്ലേ അത്? കാശുള്ളവര്‍ക്ക് അവരുടെ മക്കളെ അവര്‍ക്കിഷ്ടമുള്ള സ്കൂളില്‍ ചേര്‍ക്കാന്‍ ഇവിടെ കുഴപ്പമില്ല. കാശില്ലാത്തവരുടെ കുട്ടികള്‍ മാതൃഭാഷാ മീഡിയത്തില്‍ തന്നെ പഠിക്കണം (വാദം മുഴുവനും സര്‍ക്കര്‍ സ്കൂളുകളേയും ഏയ്ഡഡ് സ്കൂളുകളേയും

puTTuNNi said...

മാഷേ, ഗുഡ് ടോപ്പിക്ക്..
മനസ്സുണ്ടെങ്കില്‍ ആര്‍ക്കും മാതൃഭാഷയോടും നാടിനോടും അടുപ്പം വെക്കാം... എല്ലാം മാതൃഭാഷയില്‍ വേണം എന്ന് പറയുന്നതു ഇത്തിരി കടന്ന കൈ തന്നെ..
മാതൃഭാഷയുമായി ഉള്ള ബന്ധം നഷ്ടപ്പെടുത്താത്ത ഒരു പഠനം എന്തായാലും വേണം. പക്ഷെ, ഇപ്പോഴത്തെ പഠനരീതിയില്‍ ബാക്കി എല്ലാം (ഇംഗ്ലീഷിലുള്ളത്‌) നന്നായി പഠിച്ചു മാതൃഭാഷ ജയിക്കാന്‍ വേണ്ടി മാത്രം പഠിയ്ക്കുന്ന പോലെ ആകുന്നില്ലേ? ബാന്ഗ്ലൂരില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍സ് ഒക്കെ മാതൃഭാഷക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ? (അവിടുത്തെ ചുറ്റുപാടുകളെ കുറിച്ചു അധികം വിവരം എനിക്കില്ല കേട്ടോ...)

Rajesh Shenoy said...

പുട്ടുണ്ണി പറയുന്നതിലും കാര്യമുണ്ട്. പാസ്സാവാന്‍ മാത്രമായി പഠിച്ചാല്‍ കാര്യമുണ്ടൊ? ഉണ്ടെന്നും ഇല്ലെന്നും പറയാം. കണ്ണാടി വിശ്വനാഥന്റെ കോമിക്കു പുസ്തകം ക്ലാസ്സിലിരുന്ന് വായിച്ചാണ് എന്റെ മലയാളം നന്നായത് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. കൂട്ടതില്‍ അമ്പിളി അമ്മാവനും, പൂമ്പാറ്റയും, ബാലരമയും. കൂറച്ച് വലുതായപ്പൊ മംഗളവും മനോരമയും ആയെന്നു മാത്രം. പാസ്സാവാനായി സാക്ഷരനായി. പൈങ്കിളി വായിച്ച് വിജ്ഞാനിയായി. ചുരുക്ക്കി പറഞ്ഞാ ഏതു പുസ്തകവും വായിക്കാന്‍ മനസ്സുണ്ടായിരുന്നു.

ഇന്റര്‍നേഷണ്‍ല്‍ സ്കൂളുകള്‍ക്ക് പണ്ടെ സര്‍ക്കാര്‍ ഉത്തരവു ബാധകമല്ല. അവിടെ സി.ബി എസ്. സിയും, ഐ. സി. എസ്. സിയും ഒക്കെ യാണ്. അവിടെ മാതാപിതാക്കള്‍ക്ക് രണ്ടാം ഭാഷ അവരുടെ ഇഷ്ടപ്രകാരം കുട്ടികളെ പഠിപ്പിക്കാം. സ്റ്റേറ്റ് സിലബസ്സ് പഠിപ്പിക്കുന്ന സ്കൂളുകളിലാ‍ണ് പ്രശ്നം. കേരളത്തില്‍ പത്തിരുപതു വര്‍ഷം മുമ്പ് മിക്കവാറും സ്കൂളുകളില്‍ അതേ ഉണ്ടായീരുന്നുള്ളു.

അനില്‍ ആദിത്യ said...

എല്ലാ വിഷയവും മാതൃഭാഷയില്‍ വേണമെന്ന അഭിപ്രായമില്ല. പക്ഷെ മാതൃഭാഷ എല്ലാ ക്ലാസ്സിലും പഠിപ്പിക്കണം എന്നൊരഭിപ്രായമുണ്ട്