“ഇരുട്ടിലിരുന്ന് ഇരുട്ടിലേക്ക് നോക്കിയാല്‍ കാണുന്നത് നമ്മുടെ ഉള്ളിലെ ഭയ്മാണ്“ എന്ന് മുത്തച്ഛന്‍ പറഞ്ഞതു ഉണ്ണിയുടെ കാതില്‍ മുഴങ്ങി. പണ്ടെപ്പഴോ ചെറുപ്പത്തില്‍ പറഞ്ഞതാണു. ഉറക്കത്തില്‍ ഞെട്ടി എഴുന്നേറ്റപ്പോള്‍. കര്‍ട്ടന്റെ വിടവിലൂടെ വന്ന സ്റ്റ്റീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ കവിളിലെ കണ്ണുനീര്‍ തുള്ളി തിളങ്ങി. പതുക്കെ അത് താഴേക്ക് ഒഴുകി അപ്രത്യക്ഷമായി. കണ്ണുനീര്‍ നിറഞ്ഞ് പള്ളുങ്കുമണികള്‍ പോലെ തിളങ്ങുന്ന അവന്റെ കണ്ണുകളിലൂടെ അവന്‍ കൈലിരുന്ന ചുരുട്ടി കൂട്ടിയ പ്ലാസ്റ്റിക്ക് കവറില്‍ ഒരു വിളറി വെളുത്ത ഒരു വൃദ്ധന്റെ മുഖം കണ്ടു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.”
-----
തോടിയിലൂടെ വള്ളി നിക്കറും ഇട്ട് വട്ടുരുട്ടി ഉണ്ണി ഓടി. പുറകില്‍ കുരച്ചു കൊണ്ട് ടൈഗറും. പറമ്പിന്റെ തെക്കേ അറ്റത്ത് പടര്‍ന്ന് നിന്ന കശുമാവിന്റെ അടിയില്‍ എത്തിയപ്പോള്‍ താഴെ വീണു കിടക്കുന്ന കശുമാങ്ങയുടെ മണം മൂക്കിലെത്തിയതിനാല്‍ ഓട്ടം നിന്നു. കൈ എത്തുന്ന ദൂരത്തുള്ളതെല്ലാം പറിച്ചു കഴിഞ്ഞിരിക്കുന്നു. മുകളിലെ കൊമ്പില്‍ പഴുത്ത കുറെ മാങ്ങകള്‍ കാറ്റത്ത് ആടി തിമര്‍ത്തു. അതിനു ചുറ്റുമുള്ള ഇലകള്‍ കൂട്ടിചേര്‍ത്ത് പുളിയുറുമ്പുണ്ടാക്കിയ കൂടു കണ്ടപ്പോള്‍ കേറാനുള്ള മനകരുത്ത് ചോര്‍ന്നു പോയി. കഴിഞ്ഞ ഓണത്തിനു പറങ്കി മാവില്‍ വച്ച് കിട്ടിയ പുളിയുറുമ്പിന്റെ കടിയുടെ വേദന ഓര്‍മ്മ വന്നു. ഒരു ദിവസം മുഴുവന്‍ വെളിച്ചെണ്ണ തേച്ച് ഇരുന്ന ശേഷമാണു ഒരു സ്വല്പം സമാധാനം കിട്ടിയതു. ഇനി അതു വേണ്ട.
പുറകില്‍ പുല്ലു വെട്ടുന്ന ശബ്ദം കേട്ടാണു ഉണ്ണി തിരിഞ്ഞു നോക്കിയതു. താഴെ തറവാടിന്റെ പിന്നാമ്പുറത്തെ തെങ്ങിന്റെ ചുറ്റിലെ പുല്ലു വെട്ടുന്ന മുത്തച്ഛന്‍. മുത്തച്ഛന്‍ വലിയ ആളല്ലേ? പുളിയുറുമ്പിനെ പേടിക്കണ്ടല്ലൊ.
“മുത്തച്ഛാ, ഒന്നിങ്ങട് വരോ?”
“എന്തിനാ ഉണ്ണിയേ?”
“വാ. ഒരു കാര്യണ്ട്.”
പതുക്കെ നടന്നു വരുന്ന മുത്തച്ഛനെ നോക്കി താഴെ ഇരുന്നു ഉണ്ണി. മുടി വെളുത്തു തുടങ്ങിയിട്ടുണ്ട് എന്ന കാര്യം അപ്പോഴാണ് ശ്രദ്ധിച്ചത്. അതെന്താണാവോ അങ്ങിനെ? അടുത്തെത്തിയപ്പൊ മുത്തച്ഛന്റെ മുടിയില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ണിയുടെ ശംശയം പുറത്തു വന്നു.
“മുത്തച്ഛന്റെ മുടി എന്താ വെളുത്തിരിക്കണെ?”
“അതു ചോദിക്കാനാണൊ ഉണ്ണിയേ എന്നെ നീ ഈ കേറ്റം കയറിച്ചത്?”
“അല്ല. അതു ആ കശുമാങ്ങ പറിച്ചു തരോന്ന് ചോദിക്കാനാ. ഇനി ഇതു പറ”
“അതു മുത്തശ്ശനു വയസ്സായി വരല്ലെ, അതോണ്ട് നരക്കണതാ.”
മാവിന്റെ അടീ പോയി മൊത്തം ഒന്നു നോക്കി. “ഹമ്മ്. പുളിയുറുമ്പുണ്ടല്ലെ? വഴിണ്ടാക്കാം”
മുത്തച്ഛന്റെ അടുത്തു പോയി നിന്ന് മാവിലേക്ക് നോക്കി ഉണ്ണി. “ഈ മുത്തച്ഛനു എന്തു പൊക്കാ?” മനസ്സില്‍ കരുതി ഉണ്ണി. “മുത്തച്ഛനു ഇത്രക്കും പൊക്കം എങ്ങനെയാ കിട്ടിയേ?”
അവന്റെ തലമുടിയില്‍ വിരലോടിച്ചു അവനെ എടുത്തു പൊക്കി. “അതേ നന്നായി ചോറുണ്ണണ്ണം. നെയ്യും, ഉപ്പേരിം കൂട്ടി. അപ്പൊ കൊറച്ചു നാളു കഴിയുമ്പൊ എന്നേക്കാളും ഉണ്ണിക്കു പൊക്കം വെക്കും”
അവന്റെ മുഖം തെളിഞ്ഞു. അവനെ താഴെ ഇറക്കി, കള്ളി മുണ്ട് മടക്കി കുത്തി മുത്തച്ഛന്‍ കശുമാവില്‍ വലിഞ്ഞു കയറി. മുത്തച്ഛന്‍ മുകളിലേക്ക് കയറും തോറും ഉണ്ണിയുടെ വായും തുറന്നു കൊണ്ടിരുന്നു. “എന്റമ്മേ എത്ര പൊക്കത്തിലാ മുത്തച്ഛന്‍? യ്യോ.”
“മുത്തച്ഛാ, പേടി ആവണില്ലേ താഴെ നോക്കുമ്പൊ?”
“പേടിച്ചോണ്ടിരുന്നാ ഉണ്ണിക്ക് കശുമാങ്ങ തിന്നാന്‍ പറ്റോ?”
അഞ്ചാറു മാങ്ങ പൊട്ടിച്ചു താഴേക്കിട്ട് മുത്തച്ഛന്‍ താഴേക്കിറങ്ങി. മുഖത്ത് കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പിനെ അപ്പോഴാ ഉണ്ണി കണ്ടത്. മാത്രമല്ല, നെഞ്ചിലും, കൈയ്യിലും, കാലിലുമൊക്കെ കടിച്ചു തൂങ്ങി കിടക്കണ ഉറുമ്പുകളെ മുത്തച്ഛന്‍ കൈ കൊണ്ട് പറിച്ച് എറിഞ്ഞു. കടിച്ച സ്ഥലങ്ങളിലെല്ലാം ചെറിയ ചുവന്ന പാടു മാത്രം അവശേഷിച്ചു.
“നന്നായി വേദനിച്ചൊ മുത്തച്ഛാ?” മുത്തച്ഛനെ മരം കേറ്റണ്ടായിരുന്നുന്ന് അവനു തോന്നി.
“ഈ ചെറിയ ചെറിയ വേദന ഉണ്ടാവുംന്ന് വച്ച് നമ്മള് നല്ല നല്ല കാര്യം ചെയ്യാണ്ടിരിക്കാന്‍ പാടുണ്ടൊ? മുത്തശ്ശന് കടി കൊള്ളുംന്ന് പറഞ്ഞ് മരം കേറാണ്ടിരുന്നാ, ഉണ്ണിക്ക് ഇത് തിന്നാന്‍ പറ്റോ? സാരല്ല്യാട്ടൊ.”
-----
ഉണ്ണി കോളേജ് ഗ്രൌണ്ടിന്റ് പടിയില്‍ കാലും നീട്ടി കിടന്ന് മുകളിലേക്ക് പുക വിട്ടു. അടുത്തിരുന്ന തോമാസ് കൈയില്‍ പുകയിലയും കഞ്ജാവും ചേര്‍ത്ത് തിരുമ്മി. അപ്പുറത്ത് പടര്‍ന്നു നില്‍ക്കുന്ന അരണ മരത്തിന്റെ നിഴലില്‍ മുഖത്ത് പുസ്തകം കമഴത്തി ഉറങ്ങുന്ന പപ്പന്‍.
സിഗററ്റ് ഗ്രൌണ്ടിലേക്ക് എറിഞ്ഞ് ഉണ്ണി എഴുന്നേറ്റു ചാരി വച്ച ബൈക്കിനടുത്തേക്ക് നടന്നു.
“നീ എങ്ങോട്ടാ? വൈന്നേരം തറവാട്ടിലേക്കില്ലെ? എന്റെ ചെലവാ.”
“ഇന്ന് പറ്റില്ല്യാ. അമ്മേടെ കാര്‍ന്നോരു വരണുണ്ട്. രാത്രി വീട്ടി കേറില്ലെങ്കി അമ്മേടെ തെറി കിട്ടും”
“എന്റെ ഭാഗ്യം. എന്റെ ആളു പണ്ടേ ഗോളായി”
വീട്ടിലെത്തി കുളിച്ച് മുന്‍വശത്തു എത്തിയപ്പോഴേക്കും മുത്തച്ഛനു എത്തി കഴിഞ്ഞിരുന്നു.
“എന്തൊക്കെ ഉണ്ട് ഉണ്ണിയേ വിശേഷം? എന്നേക്കാളും പൊക്കായല്ലൊ?”
മുത്തച്ഛനെ ഒന്നു ചിരിച്ചു കാണിച്ചു കൊണ്ട് ടി വി യുടെ മുന്നില്‍ പോയി കാലും നീട്ടി ഇരുന്നു.
“ഞാന്‍ ഉണ്ണിക്കു വേണ്ടി കശുമാങ്ങ കൊണ്ടോന്നിട്ടുണ്ട്. തരട്ടേ?”
“എനിക്കു വേണ്ട. ഡ്രസ്സെല്ലാം വൃത്തികേടാവും” ഉത്തരം പെട്ടന്നായിരുന്നു. മുത്തച്ഛന്‍ ഒരു നിമിഷം നിന്നിട്ട് അകത്തേക്കു കയറി പോയതും, ആ കണ്ണ് നിറഞ്ഞതും ഉണ്ണി കണ്ടില്ല. ഊണു കഴിഞ്ഞു മുറിയില്‍ കയറി നോവലു വായിച്ചോണ്ടിരുന്നപ്പോഴാണു മുത്തച്ഛന്‍ അകത്തോട്ടു വന്നത്. വന്ന് കട്ടിലില്‍ ഇരുന്നു. “വല്ലവരുടേയും മുറിയില്‍ പോകുമ്പൊ ഒന്നു കൊട്ടീട്ടു കേറിക്കൂടെ?” മനസ്സിലാണ് പറഞ്ഞതെങ്കിലും മുഖം ചുളിഞ്ഞു.
“പഠിത്തൊക്കെ എങ്ങനെണ്ട് ഉണ്ണിയേ? നല്ല മാര്‍ക്കൊക്കെ കിട്ടണ്ടല്ലൊ അല്ലേ?”
“ഉവ്വ” ഒന്നു കനപ്പിച്ചു പറഞ്ഞു.
“പഠിച്ചോണ്ടിരിക്കാണൊ? ഞാന്‍ വന്നത് ശല്യായൊ?”
ഉവ്വ് എന്നു പറയാന്‍ വന്നത് കഷ്ടപെട്ട് അടക്കി. “ഏയ്. അങ്ങനെ ഒന്നൂല്ല.”
“ഞാന്‍ നാളെ അതിരാവിലെ പൊവ്വും. പിന്നെ എന്നാണാവൊ കാണാന്‍ പറ്റാ? നിശ്ചയല്ല്യാ. വയസായില്ലേ?”
ഉണ്ണി ഒന്നും പറഞ്ഞില്ല. പോയ ശേഷം വേണം വായന തുടരാന്‍. നല്ല സസ്പെന്‍സ് വന്നു നില്‍ക്കുമ്പൊഴാ..
“എന്നാ, ഉണ്ണി പഠിച്ചോളു. ഞാനും പോയി കെടക്കട്ടെ.” എഴുന്നേറ്റ് മുറിക്കു പുറത്തേക്ക് ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണു അപ്രതീക്ഷിതമായി ആ ചോദ്യം വന്നതു. “ഉണ്ണിയേ ഇതെനിക്കു തരോ? പൊകല ഇട്ടു വെക്കാല്ലൊ.” മേശപ്പുറത്തിരുന്ന ഒരു പുതിയ പ്ലാസ്റ്റിക്ക് കവറു നോക്കി. തോമാസിന്റെ അച്ഛന്‍ ഗള്‍ഫില്‍ നിന്നും വന്നപ്പൊ ഡ്യൂട്ടി ഫ്രീ കള്ള് കൊണ്ടു വന്നതാണു.
“മുത്തച്ചനു എന്തിനാ ഇതു? ഉള്ള കവറൊന്നും പോരെ?” പറഞ്ഞു കഴിഞ്ഞാണു വേണ്ടായിരുന്നുന്ന് തോന്നിയതു.
“അതും ശരിയാ. ഈ വൃദ്ധനെന്തിനാ പുതിയ കവറ്?” പിന്നെ ഒന്നും പറയാതെ തിരിഞ്ഞു നടന്നു മുത്തച്ഛന്‍.
“ച്ഛെ. കഷ്ടായി. വേണ്ടാര്‍ന്നു. കൊടുക്കായിരുന്നു. തൊമ്മനോടു ഇനീം ചോദിച്ചാലും തരൂല്ലൊ. സാരല്ല്യ, അടുത്ത തവണ തറവാട്ടി പോകുമ്പൊ കൊടുക്കാം” ഉണ്ണി മനസ്സി പറഞ്ഞ് പുസ്തകത്തില്‍ മുഴുകി.
---
ദിവസം രണ്ടു കഴിഞ്ഞു. ക്ലാസ്സില്‍ അടുത്തുള്ള അസീസ്സിന്റെ പുസ്തകത്തില്‍ കാര്‍ട്ടൂണ്‍ വരച്ചു കൊണ്ടിരുന്നപ്പോഴാണ് പ്യൂണ്‍ വന്ന് വിളിപ്പിച്ചത്. “പ്രിന്‍സിപ്പാലെന്തിനാ ഇപ്പൊ എന്നെ വിളിപ്പിക്കണെ? കൊറച്ചു ദിവസായി പ്രത്യേകിച്ച് അലമ്പൊന്നും ഒപ്പിച്ചിട്ടുല്ലല്ലൊ?” എന്ന് ആലോചിച്ചാണു നടന്നത്. പ്രിന്‍സിപ്പാലിന്റെ റൂമിലെത്തിയപ്പോഴാണു അമ്മ ഇരിക്കുന്നത് ഉണ്ണി ശ്രദ്ധിച്ചത്. കരഞ്ഞ് കലങ്ങിയ കണ്ണു കണ്ടപ്പൊഴേ മനസ്സിലായി എന്തോ പന്തികേടുണ്ട്.
“ഉണ്ണി, മുത്തച്ഛന്‍....പോയി.” അവനെ കെട്ടി പിടിച്ചു അമ്മ തേങ്ങി.
Thursday, October 16, 2008
Subscribe to:
Post Comments (Atom)
2 comments:
പിന്നെത്തേക്ക് മാറ്റി വയ്ക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ നല്കുന്ന നൊമ്പരങ്ങള്‍...
ശരി തന്നെ
In reality, for many, a big loss is needed to understand that "generation gap" is caused by our ignorance, arrogance & lack of respect towards elders. Good one..
Post a Comment