വാസു പറഞ്ഞ കഥ
പോലീസ് സ്റ്റേഷണില്‍ എത്തിയപ്പൊഴേ വസൂന്റെ കാറ്റ് മുക്കാലും പോയി. ഇന്‍സ്പെക്റ്ററെ കണ്ടതോടെ അടി മുടി വിറക്കാനും തുടങ്ങി. കസേരക്കു പിറകില്‍ ഇരുന്ന ആ അജാന ബാഹൂന്റെ ബാഹു എങ്ങാനും മേത്തു വീണാല്‍ പിന്നെ ജീവന്‍ ബാക്കി കാണില്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി ദൈവം വാസുവിനു കൊടുത്താത് ഭാഗ്യം.
“നീയും ചന്ദ്രനും ച്ചക്കരേം തേങ്ങേം അല്ലായിരുന്നോടാ?” ഒരു മാതിരി ചിരട്ട പാറപ്പുറത്ത് ഉരക്കുന്ന ശബ്ദത്തില്‍ ഏമാന്‍ മുരണ്ടു
“ഉവ്വ. ഞങ്ങള് ഗെഡികളായിരുന്നു”
“അപ്പൊ നീയാണോടാ അവനെ കൊന്നത്? സത്യം പറഞ്ഞില്ലേല്‍ നിന്റെ ഷേപ്പ് ഞാന്‍ മാറ്റും”
“അയ്യോ. സത്യായിട്ടും ഞാനല്ല. അവനെ കൊന്നത് ആ ദുഷ്ഠ്ന്‍ ഭാസ്കരന്‍ തന്നെയാ. എല്ലാവരും കാണ്‍കെ അല്ലെ സാറെ അവന്‍ ആ പാവത്തിനെ വെട്ടി നുറുക്കീത്. ചന്ദ്രന്റെ അനിയത്തീടെ മേത്ത് ആ അലമ്പന് കണ്ണു വീണതാ എല്ലാത്തിനും കാരണം. എത്ര പെണ്ണുങ്ങളേയാ അവന്‍ പെഴപ്പിച്ചേക്കണെ? വഴീലു വച്ച് അവളെ കേറി പിടിച്ചതിനു ചന്ദ്രന്‍ അവനുമായി കൊറച്ചു ദെവസം മുമ്പ് ഒന്ന് ഒടക്കിയതാ. അന്ന് അവനെ തല്ലി ഓടിച്ചതാ. അതിന്റെ കണക്ക് തീര്‍ക്കാനാ അവന്‍ ഇന്നലെ ചന്തേലു അവനെ വെട്ടിയത്.”
“ഈ പറയുന്ന ചന്ദ്രനും കുറെ അടി പിടി കേസ്സില്‍ കക്ഷി ആണല്ലൊ? അവന്‍ ഒന്നും ചെയ്തിട്ടില്ല?”
“അവനൊരു പാവാ. വല്ലോരും പറയണതു കേട്ട് പെട്ടന്ന് ചാടി പൊറപ്പെടും. ആരേം വേണംന്ന് പറഞ്ഞ് ദ്രോഹിക്കാറില്ല. ഒരു പൊട്ടന്‍.”
“ഹൂം...ശരി. ഞാന്‍ വിളിപ്പിക്കുമ്പൊ വരണം. പൊക്കൊ.”
ഭാസ്കരന്‍ പറഞ്ഞ കഥ
തണുത്ത സിമന്റു തറയില്‍ മതിലിനോടു ചേര്‍ന്നിരുന്ന് ഭാസ്കരന്‍ ഏമാനെ യാതൊരു വിധ വികാരവുമില്ലാതെ നോക്കി. നെറ്റിയില്‍ കെട്ടിയ വെള്ള ബാന്റേജില്‍ നിന്നും ചോര പാട് കാണാം. ഒരു കണ്ണ് കറുത്ത് വിങ്ങി ഇരിക്കുന്നു.
“നീ ഈ നാട്ടിലെ വലിയ ഗുണ്ടയാണെന്ന് കേട്ടല്ലൊ?”
ഒരു പുഛച്ചിരിയില്‍ അവന്‍ തെന്റെ ഉത്തരം ഒതുക്കി.
“ഛി, നായെ ചിരിക്കുന്നോ?” ചാടി എണീറ്റ ഏമാന്‍ അവന്റെ കഴുത്തു പിടിച്ചു പൊക്കി ചെകിടത്തൊന്നു പൊട്ടിച്ചു. അടിയുടെ ഊക്കില്‍ മൂക്കില്‍ നിന്നും ചോര തെറിച്ചു. അതു കൈകൊണ്ടു തുടച്ച് വീണ്ടു തറയിലിരുന്നു.
“എന്തിനാടാ നീ ചന്ദ്രനെ കൊന്നെ? മുന്‍ വൈരാഗ്യമാണ് എന്ന് കേട്ടല്ലൊ?”
“അതെ”
“അവന്റെ പെങ്ങളെ നീ കയറി പീടിച്ചതിന്റെ അടീടെ പകരം വീട്ടിതാണോടാ കഴുവേറിടെ മോനെ?”
“വഴീ പോണ പെണ്ണുങ്ങടെ കൈ പിടിക്കണ സ്വഭാവം എനിക്കല്ല. ആ ചത്തു പോയ ........ നായക്കാ...” പറ്റിയ വാക്കു കിട്ടാതെ കുറച്ചു നേരം അവന്‍ തപ്പി. ഉള്ളിലുള്ള വൈരാഗ്യം മുഴുവനും അവസാന വാക്കിലൂടെ പുറത്തു വന്നു.
“കൊലക്കുപയോഗിച്ച ആയുധം കിട്ടിയോ?” ഏമാന്‍ തിരിഞ്ഞു നോക്കി കോണ്‍സ്റ്റബിളിനോട് ചോദിച്ചു
“ഉവ്വ. ആയുധോം, ഇവന്റെ ചോരപൊരണ്ട കുപ്പയോം എല്ലാം തെളിവാക്കിട്ടുണ്ട്”
“ഹൂ. ഇനി നീ രക്ഷപെടണത് എനിക്കൊന്നു കാണണ്ണം”
സാവിത്രിഅമ്മ പറഞ്ഞ കഥ
മുഷിഞ്ഞ വെള്ള മുണ്ടും, നരച്ച ഒരു ബ്ലൌസ്സും ഇട്ടൊരു സ്ത്രീ. വര്‍ഷങ്ങളുടെ കഷ്ടപാട് അവരുടെ മുഖത്ത് നല്‍കിയ വരകള്‍ തെളിഞ്ഞു കാണാം. എണ്ണതേക്കാതെ പാറി പറന്നിരിക്കുന്ന വെള്ള മുടി. കരഞ്ഞു കലങ്ങിയിട്ടുണ്ടെങ്കിലും ആ കണ്ണുകളിലെ തീവൃത മങ്ങിയിട്ടില്ല. എന്തിനും പോന്നവളെന്ന് കണ്ടാലറിയാം. തൊട്ടരികില്‍ ഒരു ചെറിയ കുട്ടി ഇരുന്നു കളിക്കുന്നു. ഏമാനെ കണ്ടിട്ടും എണീക്കാന്‍ പോയില്ല. തല ഉയര്‍ത്തി നോക്കി അത്ര മാത്രം.
“നിങ്ങളാണോ മരിച്ചുപോയ ചന്ദ്രന്റെ അമ്മ?”
“അതെ”
“നിങ്ങടെ മോനെ എന്തിനാ ഭാസ്കരന്‍ കൊന്നത് എന്നറിയോ?”
“അവന്‍ ഒരു പാവായിരുന്നു. വല്ലപോഴും കള്ളു കുടിച്ചു കൂട്ടുകാരുടെ കൂടെ ചെറിയ അടിപിടി ഒണ്ടാക്കുംന്നല്ലാണ്ട് അവന്‍ ആരേം ദ്രോഹിക്കാറില്ല. അവന്‍ കഴിഞ്ഞ പൂരത്തിനു ഭാസ്കരന്റെ കടേലു അടി ഉണ്ടാക്കിയിരുന്നു. അതിന്റെ കണക്കു തീര്‍ത്തതായിരിക്കും. എന്റെ നാത്തൂനു ഇങ്ങനെ ഒരു കുരുത്തം കെട്ട ഒരുത്തന്‍ ഒണ്ടായല്ലൊ!”
“ഭാസ്കരന്‍ ആളെങ്ങനെയാ?”
“തെക്കെമുക്കിലു കൊറെ നാളായി കട നടത്തുണ്ട്. ആളെ പറ്റിക്കലാ സ്ഥിരം പരിപാടി. ഉള്ള സാധനത്തിലെല്ലാം മായം ചേര്‍ക്കും. ചോദിക്കാന്‍ പോയാ അടിയും. കൊറച്ചു നാളു മുമ്പ് എന്നെ കണ്ടപ്പൊ കൊറച്ച് പച്ചകറി പൊതിഞ്ഞു തന്നു. പെട്ടന്നുള്ള സ്നേഹം കണ്ടപ്പോഴേ എനിക്ക് തോന്നീതാ എന്തോ മനസ്സി കണ്ടോണ്ടാന്ന്.”
“ചന്ദ്രനെ കൂടാതെ നിങ്ങക്ക് പിന്നെ ആരൊക്കെ ഉണ്ട് മക്കളായിട്ട്?”
“ഒരു പെണ്ണുണ്ട്, എളേതായിട്ട്. പഠിക്കണു. പിന്നെ ദേ ഇവനും”
“എവിടെ അവളു?”
“അകത്ത് കെടക്കാ. ഇന്നലെ തൊടങ്ങിയ കരച്ചിലാ.”
“അതിനും ഭാസ്കരനുമായി എന്താണു ബന്ധം?”
ഒരു നിമിഷം മിണ്ടാണ്ടിരുന്നു സാവിത്രിഅമ്മ. ആ കണ്ണില്‍ ദേഷ്യം കത്തി വന്നു.“ആ എരണം കെട്ടോള്‍ക്ക് ആ നാശത്തിനെയാ ഇഷ്ടപെടാന്‍ കണ്ടത്. കൊല്ലും ഞാന്‍ അവളെ, ഇനി അവനെ കുറിച്ചെങ്ങാനും പറഞ്ഞാ.”
“പ്രേമം മാത്രേ ഉള്ളോ അതോ വേറെ വല്ലതും ഉണ്ടൊ?”
അങ്ങേരുടെ മുഖത്തു നിന്നും കണെടുക്കാതെ അവര്‍ പറഞ്ഞു “ഉണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ പണ്ടേ നുറുക്കിയേനെ”
മാധവി പറഞ്ഞ കഥ
ഒരു കീറിയ പാവാടയും ബ്ലൌസ്സും ഇട്ട മെലിഞ്ഞുണങ്ങിയ പെണ്‍കുട്ടി. കണ്ണു കലങ്ങിയിട്ടുണ്ട്. കണ്ണിലെ പേടി വളരേ വ്യക്തമായി കാണാം.
“എന്താടി ഒരു മോങ്ങലു? ചേട്ടന്‍ ചത്തതിനോ? അതോ കാമുകന്‍ ജയിലില്‍ പോണേതിനൊ?”
അവള്‍ ഒന്നും മിണ്ടിയില്ല
“ഛീ പുല....... മോളെ, മോങ്ങുന്നോ? പറയടി.”
“ഭാസ്കരേട്ടനെ ഓര്‍ത്ത്”
“അവടെ ഒരു ഭാസ്കരേട്ടന്‍. സ്വന്തം ചേട്ടനെക്കാള്‍ അവനോടാണോടി നിനക്ക് സ്നേഹം. തേവിടിച്ചി..... എന്താടി നീയും അവനും തമ്മിലുള്ള ബന്ധം?”
“ഭാസ്കരേട്ടന്‍ എന്റെ മൊറച്ചെറുക്കാനാ...എന്നെ ഇഷ്ടായിരുന്നു”
“വേറെ എന്തൊക്കെ ഉണ്ടാവാറുണ്ട് നിങ്ങളു തമ്മിലു?”
“ഒന്നൂല്ല”
അവളുടെ കരച്ചിലെല്ലാം മാറി. ഒരു പുതിയ ധൈര്യം കൈവന്ന പോലെ.
“കൊറച്ചു നാളു മുമ്പ് അവന്‍ നിന്നെ വഴീ വച്ച് കേറി പിടിച്ചിരുന്നൊ?”
“ഇല്ല. ഭാസ്കരേട്ടന്‍ അത്തരകാരനല്ല.”
“പിന്നെ എത്തരകാരനാ അവന്‍? അവന്‍ വഴീലു വച്ച് നിന്നെ കേറി പിടിച്ചത് ചന്ദ്രന്‍ കണ്ടതായി ഞാന്‍ കേട്ടല്ലൊ? എന്നിട്ട് അവരു തമ്മിലു അടി ഉണ്ടായതായും??”
“ഓ അതോ ഞങ്ങളു സംസാരിച്ചു നിന്നപ്പൊ അയാളു വന്നതാ. ഭാസ്കരേട്ടനെ കണ്ടപ്പോ ഇഷ്ടായില്ല. അപ്പോ തല്ലുണ്ടാക്കി. ഞാനുള്ളതു കൊണ്ട് ഭാസ്കരേട്ടന്‍ ഒന്നും ചെയ്തില്ല. ഒരു കട നടത്തി ആരേം ദ്രോഹിക്കാണ്ട് നടക്കായിരുന്നു. ചെറുപ്പം തൊട്ടേ എന്നെ ഒത്തിരി ഇഷ്ടാ.”
“സ്വന്തം ചേട്ടനെ ആണോടി അയളെന്ന് പറയണെ?”അവളുടെ കണ്ണില്‍ ഒരു കനലു കത്തി.
“ഒരു ചേട്ടന്‍. പെങ്ങടെ അടിപ്പാവാട അഴിക്കാന്‍ ശ്രമിക്കണോരെ ആഭാസന്‍ എന്നാ വിളിക്കണ്ടെ. ആ സ്ത്രീടെ ആദ്യ ഭര്‍ത്താവിലുണ്ടായ അയാളെ ഞാന്‍ എന്തിനാ ചേട്ടന്ന് വിളിക്കണെ?”
ഇത്തവണ മിണ്ടാതെ ഇരുന്നത് ഏമാനായിരുന്നു.
“ഹൂം. അപ്പൊ കഥ വിചാരിച്ച പോലെയല്ല. അവന്‍ എപ്പോഴാ നിന്റെ പാവാട കേറി പിടിച്ചെ? രണ്ടു ദിവസം മുമ്പാ?”
“അതെ....ഞാന്‍ ഭാസ്കരേട്ടന്റടുത്ത് പറയരുതായിരുന്നു.”
--കഥ ക്ലോസ്സ്--
Monday, May 5, 2008
Subscribe to:
Posts (Atom)