Wednesday, January 16, 2008

ഇനാംപീച്ചി

കഴിഞ്ഞ തവണ ഹാപ്പിയേ കുറിച്ച് ബ്ലോഗില്‍ അപവാദം എഴുതി പിടിപ്പിച്ചു എന്ന പാര ബാംഗ്ലൂരില്‍ നിന്നും, മുംബയിലേക്കും, അവിടെ നിന്ന് മസാല ചേര്‍ത്ത് “റെടി ട്ടു ഈറ്റ്” പരുവത്തില്‍ ദുബായിലേക്കും എത്തുക ഉണ്ടായി. അവന്റെ തിരിച്ചുള്ള പര്‍സല്‍ ഇത്തവണത്തെ പൂരത്തിന് പ്രതീക്ഷിക്കാം. അതിനാല്‍ മുന്‍കൂറായി ഒരു കരുണാനിധി സ്റ്റയില്‍ കൂളിങ് ഗ്ലാസ് വാങ്ങിയിട്ടുണ്ട്. കണ്ടാലും തിരിച്ചറിയില്ലല്ലൊ. ബ്ലോഗെഴുത്തിന് ഈ വക പ്രശ്നങ്ങള്‍ ഉണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം. സോപ്പ് നാട്ടുകാരിട്ടോളും.

കഴിഞ്ഞ ബ്ലോഗില്‍ (62 ഏക്കറില്‍) ഫാസ്റ്റ് ഫുഡ് ഗാങ്ങിനെ കുറിച്ചു എഴുതിയിരുന്നു. അതിലെ ഓരൊ കഥാപാത്രങ്ങളും കാണിച്ചു കൂട്ടിയ കോപ്രാട്ടികള്‍ കോര്‍ത്തിണക്കിയാല്‍ ഒന്നു രണ്ടു ഹിറ്റു സിനിമക്കുള്ള വകയുണ്ട്. ഈ വകയില്‍, ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ചില സംഭവങ്ങളുണ്ട്. അതിലൊന്നാണ് താഴെ എഴുതിയിരിക്കുന്നത്.

പതിവു പോലെ 6 മണിയോടെ കഥാപാത്രങ്ങള്‍ എത്തി കൊണ്ടിരിക്കുന്ന സമയം. അജോയ്, ടോപ്, രാജീവ്, തുടങ്ങിയര്‍ എത്തിയിട്ടുണ്ട്. അപ്പോഴാണ് ഞങ്ങളുടെ പതിവു സ്ഥലത്ത് ഒരു ഈനാംപീച്ചി പോലെ ഒരു കഥാപാത്രം നില്‍ക്കുന്നത്. കുട്ടപ്പന്‍ പാന്റും, തിളങ്ങുന്ന ഷൂസും (അന്നു കാലത്ത് പാരഗ്ഗണ്‍ ചപ്പലാണ് ഞങ്ങളില്‍ മിക്കവരുടേയും കാലില്‍), ഫുള്‍ കൈ ഷര്‍ട്ടും (ഞാന്‍ ആദ്യമായി ഫുള്‍ കൈ, ബട്ടണോടെ ഇടുന്നത് സംഭവം നടന്ന് ഒരു ആറു വര്‍ഷങ്ങള്‍ക്കു ശേഷമാകും), കഴുത്തിലൊരു കോണാനും. ഇതൊന്നും പോരാണ്ട് ഒരു കൂളിങ് ഗ്ലാസ്സും, ഫില്‍റ്റര്‍ സിഗററ്റും(വെള്ള കാജയില്‍ കൂടിയ സാധനം അന്ന് ലക്ഷ്വറി). ഒരു മൈന്റുമില്ലാതെ നീട്ടി വലിച്ച് പുക വിട്ടു കൊണ്ടിരിക്കുന്നു. ഞങ്ങളുടെ സ്ഥലത്തു വന്ന്, ഒരു പുഛത്തില്‍ ഞങ്ങളെ നോക്കുന്ന ഈ തെണ്ടി ആരാണ്, എന്ന് ആലോചിച്ചു നില്‍ക്കുമ്പോളാണ് മൂലക്ക് ചാരി നിര്‍ത്തിയിരിക്കുന്ന യമഹ ബൈക്ക് കണ്ണില്‍ പെട്ടത്ത്. അതിന്റെ മുകളില്‍ ഒരു വാക്വം ക്ലീനര്‍. കാര്യം പിടി കിട്ടി. അക്വാ-ഗാര്‍ടിന്റെ സെയിത്സ് റെപ്പാണ്. ആ തെണ്ടിയാണ്, ഞങ്ങള്‍, ഭാവി എന്‍ജിനിയേഷസിനെ, “പുഛ്ഞ്ഞത്തില്‍“ നോക്കുന്നത്.

പിന്നെ പതുക്കെ ടോപ്പ് തുടങ്ങി. “വീട്ടിലിപ്പൊ മമ്മായ്ക്ക് വാക്വം ക്ലീനറില്ലാതെ ഒന്നും നടക്കുന്നില്ല. ഇതു പോലെ ഒരു യന്ത്രം ഞാന്‍ കണ്ടിട്ടു പോലുമില്ല.”

അജോയും വിടാനുള്ള ഭാവമില്ല.” അതെ. ശരിക്കും. ഇപ്പൊ വിശ്വസിക്കാനെ പറ്റണില്ല, ഒരു കൊല്ലം മുമ്പ് എന്റെ വീട്ടില്‍ എങ്ങനെയാണ് ക്ലീനിങ്ങ് നടന്നിരുന്നത് എന്ന്”

ഇത്രയും കേട്ടപ്പൊ ഈനാംപീച്ചിയുടെ ചെവി തിരിഞ്ഞു. ഒന്നു രണ്ടടി പൊങ്ങുകയും ചെയ്തു. ഈ പറഞ്ഞിതിന്റെ കൂട്ടത്തില്‍ എന്തെങ്കിലും ചേര്‍ക്കണം എന്ന് ആ മുഖത്ത് വരുകയും ചെയ്ത്തു.

ടോപ്പ് തുടര്‍ന്നു. “ ഇത് വന്നതി പിന്നെ എന്റെ വിട്ടില്‍ കൊതുകേ ഇല്ല.” എല്ലാവരും ടോപ്പിനെ സൂക്ഷിച്ചു നോക്കി. ഇദേഹത്തിന്റെ ശരിക്കുമുള്ള പേരു ജോര്‍ജ്ജ്. മറ്റുള്ളവരെ ടോപ്പിലേക്കാക്കി താഴെ ഇടുന്നതാണ് ചേട്ടന്റെ സ്ഥിരം പരിപാടി. ടോപ്പിലാക്കുമ്പൊ എല്ലാവരും സുഖിച്ച് പോകും. വീഴ്ച്ച...ഹൂ. ടോപ്പിന്റെ മുഖത്താണെങ്കില്‍ യാതൊരു ഭാവ വ്യത്യാസമില്ല. ആളെ ടോപ്പിലാക്കുകയാണൊ എന്ന് മനസിലാകുന്നുമില്ല. ടോപ്പിന്റെ സ്വഭാവമറിയാത്തതിനാല്‍ ഈനാംപീച്ചിക്ക് സുഖിച്ചു. ഒപ്പം അത്ഭുതവും. കൊതുകു ശല്യം വാക്വം ക്ലീനറു വെച്ച് തീര്‍ക്കാം എന്നതു പുതിയ വാര്‍ത്ത. അടുത്ത ഇര കിട്ടുമ്പൊ എടുത്ത് കാച്ചാല്ലോ!

“അതെങ്ങിനെ? “ അത്ഭുതത്തോടെ രാജീവാണ്.

“ഓ. സിമ്പിള്‍. അതിന്റെ അറ്റം എടുത്ത് ഞങ്ങള്‍ കൊതുകിനെ തല്ലി കൊല്ലും”

കാറ്റു പോയ ബലൂണ്‍ പോലെ ഈനാംപീച്ചി ചുരുങ്ങി.

“ഇതു വച്ച് മീനും പിടിക്കാം” ടോപ്പിനു നിര്‍ത്താനുള്ള ഭാവമില്ല.

“ഇതിന്റെ അറ്റത്ത് നൂലു കെട്ടി ഇരയിട്ടാണൊ?”

ഇനാംപീച്ചിയുടെ മുഖം വിളറി വെളുത്തു (ആദ്യം കണ്ടപ്പൊ രജനികാന്തിന്റെ നിറമായിരുന്നു.). വായയും പൊളിച്ച് അടുത്ത അമിട്ട് പ്രതീക്ഷിച്ച് നില്‍ക്കുന്ന ആ മുഖം 10-14 വര്‍ഷം കഴിഞ്ഞ് ഇന്നും മനസ്സിലുണ്ട്.

ടോപ്പ് തുടര്‍ന്നു: “ഛായ്, മണ്ടത്തരം പറയല്ലെ.” മൊത്തം ഒരു സസ്പെന്‍സ് വരുത്തി ഒളി കണ്ണിട്ട് ഇനാംപീച്ചിയെ നോക്കി. “ആ ഹോസ്സിന്റെ അറ്റം വെള്ളത്തി മുക്കി ഓണാക്കിയാ മതി. വലിച്ചെടുത്തോളും”

ഇനാംപീച്ചി ഏതു വഴിക്ക് മുങ്ങി എന്നത് ഇന്നും പിടികിട്ടാത്ത സമസ്യയാണ്.

Tuesday, January 15, 2008

കുറ്റുമുക്കു ദിനങ്ങള്‍

മറ്റെല്ലാടത്തുമെന്ന പോലെ, കുറ്റുമുക്കിലും ദിന രത്രങ്ങള്‍ പതിവു പോലെ വന്നു കൊണ്ടിരിക്കുന്നു. സൂര്യനും ചന്ദ്രനും മറ്റിടങ്ങളിലെന്ന പൊലെ തന്നെ കാണപെടുന്നു. പിന്നെ എന്താണ് കുറ്റുമുക്കിലെ പ്രത്യേകത? പൊതു ജനം. അതു തന്നെ. ഇവരേ കുറിച്ചു പറയുകയാണെങ്കില്‍, എല്ലവരും ശുദ്ധമായ മലയാളം തൃശ്ശൂര്‍ അരിയങ്ങാടി സ്റ്റയിലില്‍ മാത്രഭാഷ ആകിയവരാണ്. അതായത് പിതാവിനെ കാര്‍ന്നോരെന്നും, സുഹൃത്തിനെ ഗെടി എന്നും, അടിക്ക് ബുഷിടലെന്നും, ബാറിനെ തറവാടെന്നും വിളിച്ചു പോരുന്നു. സ്വാഭാവം ആടിനെ പോലെ. (തൃശ്ശൂര്‍ ഭാഷയില്‍ ആടിന്റെ അര്‍ഥം ചോദിച്ചറിയുക). ജ്യൊഗ്രഫിയെ പറ്റി പറയുക ആണെങ്കില്‍ ആലു തുടങ്ങി അമ്പലം വരേയും അവടിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറുമുക്ക് വരേയുള്ള സ്ഥലം. അമ്പലത്തിന്റെ വലത്തോട്ട് ഷാപ്പ് വരേയും കുറ്റുമുക്കു തന്നെ. ഇങ്ങനെയുള്ള ഇട്ടാ-വട്ട സ്ഥലത്തു എന്ത് പ്രത്യേകത എന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവര്‍ കുറ്റുമുക്കിന്റെ പുലികുട്ടികളെ അറിയാത്തതിനാല്‍ മാത്രം.

അവിടുത്തെ ജീവിതം ഏകദേശം ഇങ്ങനെയാണ് കടന്നു പോകുന്നത് (പൊതു ജനം തൃശ്ശൂരില്‍ ക്വട്ടേഷന്‍ എടുക്കാത്ത ദിനങ്ങളില്‍):

രാവിലെ 10മണി: അമ്പലത്തിന്റെ അടുത്തുള്ള എന്‍.എസ്.എസ് കരയോഗ്ഗത്തിന്റെ മുന്നില്‍ (ഇതുവരെ തുറന്നു കണ്ടിട്ടില്ല) ചീട്ടുകളി.

11: പോലീസിന്റെ ബീറ്റ്. ജനം മതിലുചാടി ഓടി, അമ്പല പറമ്പു വഴി കുളത്തിന്റെ അരികില്‍ എത്തുന്നു. വീണ്ടും ചീട്ടു കളി. ഇതിന്റെ ഇടക്ക്, സിനിമക്ക് ഇടയില്‍ കപ്പലണ്ടി പോലെ, ചായയും പരിപ്പു വടയും.

1.30: ഊണിനു വേണ്ടി അവരവരുടെ വീടുകളിലേക്ക് ജനം പോകുന്നു. അതു കഴിഞ്ഞു ഒരു പറ്റം അവരുടെ തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. പടക്കം വര്‍ഷോപ്പിലേക്ക്. പാട്ട ഓട്ടൊയുമായി ചേരൂര്‍ക്ക്. പൂള്ള ആലിനച്ചുവട്ടില്‍ കാലു നീട്ടി ഉറങ്ങാന്‍. ബാക്കി ഒരു പടയായി ഷാപ്പിലേക്ക്.

6: പോയ മഹാന്‍ മാരെല്ലാം തിരിച്ചെത്തുന്നു. കൂലങ്കഷമായി ചര്‍ച്ച ചെയ്ത്ത് ഏതു സിനിമക്കു പൊകണം ഏന്ന് തീരുമാനമുണ്ടാക്കുന്നു. ഒരു പടയായി സീഗ്ഗൊയിലേക്കു തെറിക്കുന്നു (തൃശ്ശൂര്‍ ഭാഷയില്‍ യാത്ര എന്നര്‍ത്ഥം). ഈ സീഗ്ഗൊയാകുന്നു കുറ്റുമുക്കു വാസികളുടെ തറവാട്. തറവാട്ടില്‍ കയറി നന്നായി വീശി, കിണ്ടിയായി തിയറ്ററിലേക്ക്.

9.30: തിയറ്ററില്‍ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കൈടിച്ചും, വിസ്സിലടിച്ചും പ്രോത്സാഹനം. എതിരാളികളെ തെറി അഭിഷേകം. ആ തെറി കേട്ട് പല പ്രമുഖരും സിനിമാ അഭിനയം വരെ വേണ്ടാ എന്ന് വച്ച ചരിത്രമുണ്ട്. ഇവിടെ എടുത്തു പറ്യേണ്ട ഒരു വസ്തുത ഉണ്ട്. കുറ്റുമുക്കു വാസികള്‍ നയക-വില്ല വ്യത്യാസമില്ല. ചിലപ്പൊള്‍ നായകനു കിട്ടും കൈയ്യടി. ചിലപ്പൊള്‍ വില്ലനും. സോഷ്യലിസം സിന്ദാബാദ്. സംവിധായകന്‍ സിനിമ ബോറാക്കിയാല്‍ അതിനും പോംവഴി ഉണ്ട്. ഒരു ഉദ.: രാഗത്തില്‍ ഒരു സെന്റി പടം കണ്ടു കുണ്ടിരിക്കുന്ന ജനം. മൊത്തം കരച്ചില്‍. അതിനിടക്കു ഒരു തീവ്രമായ സീന്‍. പൂര്‍ണ്ണ നിശബ്ദത. പെട്ടന്ന് മുന്നിലെ സീറ്റില്‍ ഒരു കൊച്ചു കുട്ടിയുടെ കരച്ചില്‍. പരോപകാരാര്‍ഥം ഒരു ഉപദേശം “ആ കുട്ടിക്ക് മുല കൊടുക്കൂ” പാവം, കാര്യമായി പറഞ്ഞതാണ്. ഇത് കേട്ട് കലിച്ച ഭര്‍ത്താവ്: “ഏത് തെണ്ടിയാണ്ടറ വ്രത്തികേടു പറഞ്ഞത്?” ഉത്തരവും പെട്ടന്ന് : “മറ്റേതെടുത്തു അങ്ങേരടെ വായിലും കൊടുക്ക്”. ഇതു കഴിഞ്ഞാല്‍ പിന്നെ മുഴുനീള സെന്റി പടം, ഏക്ഷണ്‍ പടമായി മാറും. ചിലപ്പൊള്‍ തിയറ്ററിന്റെ സ്ക്രീനില്‍ ഒതുങ്ങിയില്ലെങ്കില്‍ തൃശ്ശൂര്‍ റൌണ്ടിലും എത്തും.

12: തട്ടു കടയില്‍ കയറി വെട്ട്. തിരിച്ച് വീട്ടിലേക്ക്.

2: രാത്രീഞ്ചരന്‍മാരായ ചിലര്‍ ഈ നേരത്തു ചക്ക, അണ്ടന്‍, മുണ്ട്, തുടങ്ങിയവ ശേഖരിക്കനും പോകാറുണ്ട്. ആദിവാസികള്‍ തേന്‍ ശേഖരിക്കുന്ന പൊലെ.

പിന്നെയും പകല്‍ വരും, പോകും. പൊതു ജനം പഴയ പോലെ തന്നെ.

Sunday, January 13, 2008

A Modern mallu song

എന്റെ റമ്മിലെ സോഡയാണു നീ നല്ല വീശുകാരാ,
പെഗ്ഗൊഴിച്ചു ഞാന്‍ കാത്തു വെച്ചൊരെന്
‍ചില്ലു ഗ്ലാസ്സിലൂറും ലികറൊന്നു വേണ്ടെ?...
ലികറൊന്നു വേണ്ടെ? നല്ല വീശുകാരാ..റമ്മിന്റെ കൂട്ടുകാരാ....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍....
നിന്റെ ഗ്ലാസ്സിലെ 100 മില്ലിയില്‍ ഐസു കട്ടയാവാം
നിന്റെ കൈയില്ലെ പെഗ്ഗ് തീരുമ്പൊ വീണ്ടും ഫിക്സു ചെയ്യാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
രണ്ടു ഫുള്ളുകള്‍ തീര്‍ന്നെടാ, ഇനി ബാറിലൊന്നൂടെ പോകാം
നിന്റെ കീശേല്ലെ കാശുകൊണ്ടു ഞാന്‍ നിന്നെ കുടിയനാക്കാം...( എന്റെ റമ്മിലെ ..)
തൊട്ടു കൂട്ടുവാനുള്ള പിക്കിളും....
തൊട്ടു കൂട്ടുവാനുള്ള പിക്കിളും ചിപ്സും എന്ന പോലെ
തൊട്ടാടുത്തു ഞാന്‍ നിന്നുവെങ്കിലും വീശുകില്ല മോനെ
അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍അടിച്ചു വീലായി കിടക്കുവാന്‍, നല്ല വാളൊന്നു വക്കുവാന്
‍എത്ര മാത്രം കുപ്പി വേണേല്ലും വീണ്ടും നല്‍കിടാം ഞാന്‍.... ( എന്റെ റമ്മിലെ ..)


This is a song sent to me by a friend, who got it from somebody...ഇങ്ങനെ ഒരു മാരക കവിത എഴുതാന്‍ മാത്രം കലാവാസന എനിക്ക് ഉണ്ട് എന്ന് ഞാന്‍ തന്നെ വിശ്വസിക്കുന്നില്ല. :)